തെക്കുകിഴക്കന്‍ പെറുവിലെ ജൂലിയാക്ക വിമാനത്താവളത്തിന് സമീപം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. സംഭവത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ചയാണ് സംഭവം. പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഓംബുഡ്‌സ്മാന്‍ അറിയിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ നിയമപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും വസ്തുതകള്‍ വ്യക്തമാക്കുന്നതിന് വേഗത്തിലുള്ള അന്വേഷണം നടത്തണമെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിനോട് അഭ്യര്‍ത്ഥിക്കുന്നതായി ഓംബുഡ്‌സ്മാന്‍ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.
ബൊളിവീയയുടെ അതിര്‍ത്തിയില്‍ പുനോ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ജൂലിയാക്ക സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമാണ്. നിയമവിരുദ്ധമായി കോണ്‍ഗ്രസ് പിരിച്ചുവിടാനുള്ള ശ്രമത്തിന് തൊട്ടുപിന്നാലെ അന്നത്തെ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയെ നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനെത്തുടര്‍ന്ന് ഡിസംബര്‍ ആദ്യം പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആരംഭിച്ചതായി ഡി.ഡബ്ല്യു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കാസ്റ്റിലോ 18 മാസത്തെ വിചാരണ തടങ്കലില്‍ കഴിയുകയാണ്. പെറുവിലെ പ്രതിഷേധക്കാര്‍ പുതിയ ഉപരോധങ്ങള്‍ സ്ഥാപിക്കുകയും നിരവധി പ്രദേശങ്ങളിലേക്ക് പ്രകടനങ്ങള്‍ വ്യാപിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമാകുന്നതോടെ തടവിലാക്കപ്പെട്ട മുന്‍ പ്രസിഡന്റ് കാസ്റ്റിലോയുടെ മോചനത്തിനും പുതിയ തിരഞ്ഞെടുപ്പുകള്‍ക്കും പുറമേ പുതിയ പ്രസിഡന്റിന്റെ രാജി, കോണ്‍ഗ്രസ് അടച്ചുപൂട്ടല്‍, ഭരണഘടനയില്‍ മാറ്റം വരുത്തല്‍ എന്നിവയ്ക്കായി രാജ്യത്തുടനീളം ആഹ്വാനങ്ങള്‍ ശക്തമാവുകയാണ്.
വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ അഴിമതികള്‍ക്കും അസ്ഥിരതകള്‍ക്കും ഇടയില്‍ പെറുവിലെ പത്തില്‍ ഒന്‍പത് പേരും രാജ്യത്തിന്റെ നിയമനിര്‍മ്മാണത്തെ അംഗീകരിക്കുന്നില്ലെന്ന് സമീപകാല സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പിനുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നത്.