2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. അടുത്ത 10 മുതല്‍ 20 വരെ വര്‍ഷത്തിനുള്ളില്‍ 30 കമ്പനികളെങ്കിലും റിലയന്‍സ് പോലെ വന്‍കിട സ്ഥാപനങ്ങളാകുമെന്നും അംബാനി പറഞ്ഞു. ജപ്പാനെ മറികടന്ന് 2030 ഓടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യ ഇകണോമിക് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
38 വര്‍ഷമെടുത്താണ് റിലയന്‍സ് 200 ബില്യണ്‍ ഡോളര്‍ കമ്പനിയായി മാറിയത്. എന്നാല്‍ അടുത്ത തലമുറ ഇന്ത്യന്‍ കമ്പനികള്‍ ഇതിന്റെ പകുതി സമയം കൊണ്ട് ഈ നേട്ടം കൈവരിക്കുമെന്നും അംബാനി പറഞ്ഞു. ഗ്രീന്‍ എനര്‍ജി കയറ്റുമതിയില്‍ ഇന്ത്യ വന്‍ശക്തിയാകുമെന്നും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 500 ബില്യന്‍ ഡോളറിന് മുകളില്‍ ശുദ്ധ ഊര്‍ജ കയറ്റുമതി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ഗ്രീന്‍, ക്ലീന്‍ ഊര്‍ജരംഗത്ത് സ്വയംപര്യാപ്തത നേടുന്നത് ഇന്ത്യയെ ആഗോളശക്തിയാക്കും. ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ ഊര്‍ജമാറ്റം 21ാം നൂറ്റാണ്ടില്‍ ജിയോപൊളിറ്റിക്കല്‍ പരിവര്‍ത്തനമുണ്ടാക്കും” ഏഷ്യയിലെ തന്നെ അതിസമ്പന്നരില്‍ ഒരാളായ അംബാനി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 20 വര്‍ഷം ഇന്ത്യ അറിയപ്പെട്ടത് ഐടി ശക്തിയുടെ പേരിലായിരുന്നുവെന്നും ഇനിയുള്ള 20 വര്‍ഷം സാങ്കേതികത, ഊര്‍ജം, ലൈഫ് സയന്‍സ് എന്നിവയുടെ പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സംരഭകരുടെ സമൂഹം വിശാലമാവുകയാണ്. സമ്പത്ത് സൃഷ്ടിക്കലും അനുദിനം വര്‍ധിക്കുകയാണ്. ഇത് ഇന്ത്യയെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സഹായിക്കുമെന്നും മുകേഷ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.