മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലിയിലേക്ക് പോകാന്‍ ശ്രമിക്കവെ ടുണീഷ്യയില്‍ അഭയാര്‍ത്ഥി ബോട്ടുകള്‍ മറിഞ്ഞ് 29 മരണം. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ബോട്ടുകളാണ് ട്യുണീഷ്യയുടെ തീരത്ത് മറിഞ്ഞത്. ആദ്യത്തെ ബോട്ട് അപകടത്തില്‍ 19 പേരാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ടുണീഷ്യന്‍ തീരത്ത് മുങ്ങുന്ന അഞ്ചാമത്തെ ബോട്ടാണിത്. ഇതില്‍ 67 പേരെ കാണാതാവുകയും 9 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് മരിച്ചതെന്ന് ടുണീഷ്യന്‍ തീരസംരക്ഷണ സേന അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.
ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും മൂലം ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇറ്റലിയുടെ തീരത്ത് വന്നിറങ്ങിയ 12,000 കുടിയേറ്റക്കാരെങ്കിലും ടുണീഷ്യന്‍ തീരത്ത് നിന്ന് പുറപ്പെട്ടവരാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇറ്റാലിയന്‍ തീരത്ത് വന്നെത്തിയത് 1,300 കുടിയേറ്റക്കാര്‍ ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 2,500 കുടിയേറ്റക്കാര്‍ എത്തിയതായി ലാംപെഡൂസ ദ്വീപിലെ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രേഖകളില്ലാത്ത ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെ ടുണീഷ്യ ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ ഇറ്റലിയിലേക്ക് പുറപ്പെട്ട 80 ബോട്ടുകള്‍ ടുണീഷ്യയില്‍ തടഞ്ഞുവെച്ചിട്ടുണ്ട്. ഈ ബോട്ടുകളില്‍ ഉണ്ടായിരുന്ന 3000 കുടിയേറ്റക്കാരെ തടവിലാക്കിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ ഭൂരിഭാഗം പേരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്.