കുറഞ്ഞത് 3,000 ഉത്തര കൊറിയൻ സൈനികരെങ്കിലും ഈ മാസം കിഴക്കൻ റഷ്യയിൽ എത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്തിനുവേണ്ടിയാണ് സൈനികർ റഷ്യയിലെത്തിയതെന്ന് വ്യക്തമല്ലെങ്കിലും, അവർ യുക്രൈനെതിരായ പോരാട്ടത്തിൽ പങ്കുചേർന്നേക്കാമെന്ന സാധ്യത വളരെ ആശങ്കാജനകമായ കാര്യമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു.
ഒക്‌ടോബർ ആദ്യം മുതൽ പകുതിവരെ ഉത്തര കൊറിയ 3,000 സൈനികരെയെങ്കിലും ഉത്തര കൊറിയയിലെ വോൺസാൻ മേഖലയിൽനിന്ന് റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിലേക്ക് കപ്പലിൽ മാറ്റിയതായാണ് അറിയാൻ കഴിയുന്നത്. ഇവർ റഷ്യൻ സൈന്യത്തിനൊപ്പം യുദ്ധത്തിൽ ഏർപ്പെടുമോ എന്നത് ഇതുവരെ വ്യക്തമല്ല. പക്ഷേ, ഇതിന് വളരെയധികം സാധ്യതയുണ്ട്. പരിശീലനം പൂർത്തിയാക്കിയശേഷം, ഈ സൈനികർ പടിഞ്ഞാറൻ റഷ്യയിലേക്കു പോകാനും തുടർന്ന് യുക്രേനിയൻ സൈന്യത്തിനെതിരെ പോരടിയേക്കാമെന്നും യു. എസ്. നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
മോസ്‌കോയുടെ യുക്രൈൻ അധിനിവേശത്തിനുശേഷം ഉത്തര കൊറിയയും റഷ്യയും കൂടുതൽ സൗഹൃദബന്ധം സ്ഥാപിച്ചതും ഉത്തര കൊറിയ റഷ്യയിലേക്ക് സൈന്യത്തെ വിന്യസിച്ചതും യു. എസ്. പ്രതിരോധ സെക്രട്ടറി സ്ഥിരീകരിച്ചിരുന്നു.
ഉത്തര കൊറിയൻ സൈന്യം യുക്രൈനിലെത്തിയതായി സ്ഥിരീകരണമില്ല. എന്നാൽ, ഈ നീക്കങ്ങൾ റഷ്യ – യുക്രൈൻ സംഘർഷം വർധിപ്പിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. ഉത്തര കൊറിയക്കാർ റഷ്യയിൽ എന്താണ് ചെയ്യാൻപോകുന്നതെന്നും അവർ യുക്രൈനിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും സ്ഥിരീകരിക്കാൻ യു. എസ്. ശ്രമിക്കുകയാണെന്നും യു. എസ്. പ്രതിരോധ സെക്രട്ടറി പറഞ്ഞു.