Wednesday, April 2, 2025

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെ 40 ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍; ഇവരെ ഇന്ത്യയില്‍ എത്തിക്കേണ്ടതുണ്ടോ? അറിയണം ഈ കണക്കുകളും വസ്തുതകളും

ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസില്‍) ചേരാന്‍ പോയ മലയാളികള്‍ ഉള്‍പ്പെടെ 40 ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ(എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള സിറിയയിലെ അല്‍ ശദാദി ജയിലില്‍ അടക്കമാണ് ഇവര്‍ കഴിയുന്നതെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പലരും ജോലിക്കും മറ്റുമായി വിവിധ കാലയളവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയവരായിരുന്നു. ചിലര്‍ ലൗ ജിഹാദില്‍ അകപ്പെട്ട് ഭീകരസംഘടനയില്‍ എത്തിയതാണ്. ഐഎസ് അടക്കം ഭീകര സംഘടനകളുടെ നിയന്ത്രണത്തിലുള്ള ഇന്ത്യക്കാര്‍ പലരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. സാങ്കേതിക സഹായങ്ങള്‍ക്കായാണ് ഇവരെ പ്രധാനമായും ഉപയോഗിക്കുന്നത്.

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി കേരളം വിട്ട മലയാളി യുവതികളില്‍ ചിലര്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട ശേഷം കാബൂളിലെ ജയിലില്‍ ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2020 ജനുവരിയില്‍ സ്ഥിരീകരിച്ചിരുന്നു. 89 ഇന്ത്യക്കാര്‍ ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ടുവെന്നും അതില്‍ പത്ത് ഇന്ത്യക്കാര്‍ കാബൂള്‍ ജയിലിലാണെന്നുമാണ് രഹസ്വാന്വേഷണ ഏജന്‍സികള്‍ അന്ന് നല്‍കിയ വിവരം. പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം സ്വദേശിനി നിമിഷ, അവരുടെ ഭര്‍ത്താവും കുഞ്ഞും, മറിയം, സോണിയ സെബാസ്റ്റിയന്‍, റാഹില പുരയില്‍, ഷംസിയ പുരയില്‍, ഷഹീന കണ്ടേന്‍ എന്നിവരെല്ലാം ജയിലിലുണ്ട്.

വിദേശത്ത് ജയിലില്‍ കഴിയുന്ന ഇവരെ തിരികെ കൊണ്ടു വന്ന് ഇന്ത്യന്‍ കോടതിയില്‍ വിചാരണ നടത്തി ശിക്ഷിക്കണോ അതോ പ്രസ്തുത രാജ്യങ്ങള്‍ക്കു തന്നെ വിട്ടുനല്‍കി അവിടുത്തെ നിയമം അനുസരിച്ച് വിചാരണ നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്ന് ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്ന പക്ഷം അവരില്‍ പലരുടേയും കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും കുഴക്കുന്ന ചോദ്യമായിരുന്നു. അതേസമയം ജയിലിലെ സ്ത്രീകളില്‍ ചിലര്‍ ഇപ്പോഴും ഇസ്ലാമിക് സ്റ്റേറ്റ്‌സ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീണ്ടും 2021 ജൂണില്‍, സിറിയ അടക്കം രാജ്യങ്ങളില്‍ ഭീകരസംഘടനകളില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയുണ്ടായി. ഐഎസ് ഭീകരരായ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതോടെ രാജ്യത്തേക്ക് മടങ്ങണമെന്ന് കാബൂളിലെ ജയിലില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരായ വനിതകളുടെ നാട്ടിലെ ബന്ധുക്കളുടെ ആവശ്യത്തോടാണ് കേന്ദ്രം പ്രതികരിച്ചത്. ഇവരെ നാട്ടിലെത്തിച്ച് ഇന്ത്യന്‍ നിയമം അനുസരിച്ച് ശിക്ഷ നല്‍കണമെന്നാണ് ഇവരുടെ കുടുംബം ആവശ്യപ്പെടുന്നത്. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. രാജ്യസുരക്ഷ കണക്കിലെടുത്താണ് ഈ നിര്‍ദേശം ഇന്ത്യ തള്ളിയത്. ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ച ഇവരെ ഒരു കാരണവശാലും രാജ്യത്ത് കാലുകുത്തിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അന്ന് വ്യക്തമാക്കി.

2019 ഡിസംബറില്‍ കാബൂളില്‍ വെച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാല്‍ ഇവരുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന് ഇവരും തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും ഫ്രാന്‍സ് സ്വീകരിച്ച മാതൃകയില്‍ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാന്‍ അഫ്ഗാനിസ്ഥാന്‍ അധികൃതരോട് അഭ്യര്‍ഥിക്കണമെന്നുമാണ് കരുതുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ ഇവര്‍ക്കെതിരേ റെഡ് നോട്ടീസ് നല്‍കിയിരുന്നു.

മാത്രവുമല്ല തടവില്‍ കഴിയുന്ന ഐഎസ് ഭീകരര്‍ക്ക് നയതന്ത്രസഹായം നല്‍കുന്ന കീഴ്‌വഴക്കം ഇന്ത്യയ്ക്കില്ല. ലോകത്തിലെ എല്ലാ പ്രമുഖ രാജ്യങ്ങളും ഇതേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളൊന്നും തന്നെ തങ്ങളുടെ പൗരന്‍മാരായ ഭീകരരെ തിരികെ സ്വീകരിക്കുന്നില്ല.

ഐഎസിന്റെ വിളനിലമായ ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ആയിരക്കണക്കിന് കിലോമീറ്റുകള്‍ അകലെ കിടക്കുന്ന കൊച്ചു കേരളത്തില്‍ പോലും ഈ ഭീകര സംഘടന ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നു വേണം മനസിലാക്കാന്‍. ഈ സാഹചര്യത്തില്‍ ഭീകരരാകാന്‍ ഇറങ്ങിത്തിരിച്ചവരെ വിദേശ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യന്‍ നയതന്ത്രമോ അതിന്റെ യാതൊരുവിധ സാധ്യതകളോ ഉപയോഗിക്കേണ്ടതില്ല എന്നു തന്നെയാണ് രാജ്യസ്‌നേഹികളും മനുഷ്യസ്‌നേഹികളുമായ ബഹുഭൂരിപക്ഷത്തിന്റേയും വാദം. താലിബാന്‍ അടക്കമുള്ള ഭീകരസംഘടനകള്‍ പലയിടങ്ങളിലും അധികാരം ശക്തമാക്കുകയും പാക്കിസ്ഥാനും ചൈനയും പോലുള്ള നമ്മുടെ ശത്രുരാജ്യങ്ങള്‍ അതിന് കുടപിടിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം ശക്തികള്‍ക്കെതിരെ വലിയ ജാഗ്രത ഇന്ത്യ പോലൊരു രാജ്യത്തിന് അത്യാവശ്യവുമാണ്.

Latest News