യുദ്ധം നാശം വിതച്ച യെമനില്‍ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 85 പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. സനയിലെ ബാബ് അല്‍-യെമന്‍ ജില്ലയിലാണ് സംഭവം. ഏകദേശം 322 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബാബ് അല്‍-യെമന്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് ഭക്ഷണവും പണവും വിതരണം നടത്തിയതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. തിരക്കില്‍പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വ്യാപാരികള്‍ വിതരണം ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങളും മറ്റും വാങ്ങാനായി ഒത്തുകൂടിയവരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. സഹായം കൈപ്പറ്റുന്നതിനായി നൂറുകണക്കിന് പേരാണ് സ്‌കൂളിലെത്തിയിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തിരക്ക് നിയന്ത്രണാതീതമായതോടെ ഹൂതി സൈനികരിലൊരാള്‍ ആകാശത്തേക്ക് വെടിവെച്ചു. ബുള്ളറ്റ് വൈദ്യുതി ലൈനില്‍ തട്ടുകയും വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. പിന്നാലെ പരിഭ്രാന്തരായ ജനക്കൂട്ടം ഓടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷണവും, പണവും വിതരണം ചെയ്തതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഹൂതി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചതായി ഹൂതി വിമത രാഷ്ട്രീയ മേധാവി മഹ്ദി അല്‍ മഷാത്ത് പറഞ്ഞു. 2014 മുതല്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമനിലെ സന നഗരം.