യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താന്‍ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സി.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെര്‍ണോബൈല്‍ ദുരന്തത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വന്‍ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.
ആണവനിലയത്തിന് മേലുള്ള ആക്രമണം നിര്‍ത്താന്‍ യുക്രൈന്‍ വിദേശകാര്യ മന്ത്രി മിത്രോ കുലേബ റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യ-യുക്രൈന്‍ യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ഒഡെസ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഈ മേഖലയില്‍ റഷ്യന്‍ വിമാനം വെടുവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെര്‍ണിവില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു.