സുഡാനിലെ അൽ ജാസിറ സംസ്ഥാനത്ത് ഒരു പ്രാർഥനാശുശ്രൂഷയ്ക്കിടെ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർ. എസ്. എഫ്.) തീവ്രവാദികൾ ആക്രമണം നടത്തി. ഡിസംബർ 30 നുണ്ടായ ആക്രമണത്തിൽ 14 ക്രിസ്ത്യാനികൾക്ക് പരിക്കേറ്റതായി പ്രാദേശികവൃത്തങ്ങൾ അറിയിച്ചു.
സുഡാനീസ് ചർച്ച് ഓഫ് ക്രൈസ്റ്റിലെ (എസ്. സി. ഒ. സി.) 177 ക്രിസ്ത്യാനികൾ സുഡാനിലെ സൈനികസംഘർഷത്തിന് അറുതി വരുത്തുന്നതിനായി പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നതിനിടെയാണ് അൽ ഹസഹെയ്‌സ പട്ടണത്തിൽ തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് ചർച്ച് സെക്രട്ടറി ജോസഫ് സുലിമാൻ പറഞ്ഞു. രാവിലെ പത്തുമണിയോടെ നടന്ന ആക്രമണത്തിൽ ആരാധനാലയത്തിലെ മേശകളും കസേരകളും ആർ. എസ്. എഫ്. നശിപ്പിച്ചു. പ്രദേശം നിയന്ത്രിക്കുന്ന ആർ. എസ്. എഫ്., ക്രിസ്ത്യാനികളെ ഈ പ്രദേശം വിട്ടുപോകുന്നത് തടഞ്ഞു.
2021 ഒക്ടോബറിലെ അട്ടിമറിയെ തുടർന്ന് സുഡാനിൽ സൈനികഭരണം പങ്കിട്ട ആർ. എസ്. എഫും, എസ്. എ. എഫും തമ്മിലുള്ള സംഘർഷം, കാർട്ടൂമിലും മറ്റിടങ്ങളിലും പ്രദേശവാസികളെ ഭയപ്പെടുത്തുന്നതിനും പതിനായിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുന്നതിനും കാരണമായി. 12.2 ദശലക്ഷത്തിലധികം ആളുകളെ സുഡാൻ അതിർത്തിക്കകത്തും അപ്പുറത്തും മാറ്റിപ്പാർപ്പിക്കുകയും ചെയ്തുവെന്ന് യു. എൻ. മനുഷ്യാവകാശ കമ്മീഷണർ വെളിപ്പെടുത്തുന്നു.