ഇന്ന് (ആഗസ്റ്റ് 31) പുലര്‍ച്ചെ 12:30 – ന് പഞ്ചാബിലെ തക്കര്‍പുരയില്‍ പട്ടിയിലെ ജലന്ധര്‍ രൂപതയില്‍പ്പെട്ട ഇന്‍ഫന്റ് ജീസസ് കാത്തലിക് ചര്‍ച്ച് കാമ്പസില്‍ അജ്ഞാതരായ ആളുകള്‍ ആക്രമണം നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരെ തോക്കിന് മുനയില്‍ നിര്‍ത്തി, ബന്ദിയാക്കുകയും പള്ളിയുടെ തൊട്ടുമുന്നിലുള്ള പിയത്താ രൂപം തകര്‍ക്കുകയും ചെയ്തു. കൂടാതെ കാമ്പസിലുണ്ടായിരുന്ന കാറിന് തീയിടുകയും ചെയ്തു.
പള്ളിയുടെ പുറത്ത് തന്നെ ഉണ്ടായിരുന്ന പിയെത്ത രൂപം തല്ലി തകര്‍ക്കുകയായിരുന്നു. രൂപത്തിലെ മാതാവിന്റെയും ഈശോയുടെയും തല അവര്‍ എടുത്തുകൊണ്ടുപോയി. പള്ളിയുടെ പരിസരത്ത് പലയിടങ്ങളില്‍ പെട്രോളൊഴിച്ച് അക്രമികള്‍ തീകൊളുത്തി. പള്ളിയുടെ അകത്ത് കയറിയില്ല. ‘ഞങ്ങള്‍ ഖലിസ്ഥാനികളാണ്’ എന്ന് പറഞ്ഞ് അജ്ഞാതരായ ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. പള്ളി പരിസരത്ത് ഉണ്ടായിരുന്ന ഇടവക വികാരിയുടെ കാര്‍ തീയിട്ടു നശിപ്പിച്ചു. ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
‘പഞ്ചാബില്‍ കത്തോലിക്കാ സഭയുമായി പൊതുവെ സമാധാനപരമായ ഒരു അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ എല്ലാവരുമായും സ്‌നേഹത്തിലും ഒരുമയിലും ഒക്കെയാണ് പോയിക്കൊണ്ടിരുന്നത്. എന്താണ് ഈ ആക്രമണത്തിന്റെ പിന്നിലെന്ന് വ്യക്തമല്ല.’ – രൂപതാ ചാന്‍സലര്‍ ഫാ. ആന്റണി തുരുത്തി അറിയിച്ചു.