നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി നടന്ന ദൈവാലയത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരുടേയും കരളലിയിക്കുന്നതാണ്. ദൈവാലയത്തിനകത്ത് രക്തത്തില്‍ കുതിര്‍ന്നു കിടക്കുന്ന ഒരു ബൈബിള്‍, തറയിലും ഭിത്തിയിലുമായി ചിതറിത്തെറിച്ചിരിക്കുന്ന രക്തത്തുള്ളികള്‍, മരണവെപ്രാളത്തില്‍ രക്ഷപെടാനായി ആളുകള്‍ തറയിലൂടെ ഇഴഞ്ഞുനീങ്ങിയതിന്റെ ചോരപ്പാടുകള്‍, രക്ഷപെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭിത്തിയില്‍ ചോരപ്പാടോടെയുള്ള കൈപ്പത്തിയുടെ അടയാളങ്ങള്‍, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പ്രസംഗപീഠം, ബെഞ്ചുകളെല്ലാം അങ്ങിങ്ങായി മറിഞ്ഞുകിടക്കുന്നു.
പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപെടുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകള്‍, കുടകള്‍ എന്നിവ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. നൈജീരിയയിലെ ദൈവാലയത്തില്‍ നിന്നുള്ള, ലോകമനഃസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന, കരളലിയിക്കുന്ന ഈ കാഴ്ചകള്‍ മതതീവ്രവാദത്തിന്റെയും മനുഷ്യത്വം മരവിച്ചതിന്റെയും ചില ഓര്‍മ്മപ്പെടുത്തലുകളാണ്. ഈ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ എത്രെയെന്നുള്ള യഥാര്‍ത്ഥ കണക്ക് ഇനിയും പുറത്തുവിട്ടിട്ടില്ല.
ഇഴഞ്ഞുനീങ്ങുന്ന പോലീസ് അന്വേഷണം
നൈജീരിയയിലെ ദൈവാലയത്തില്‍ നടന്ന ആക്രമണത്തിനു ശേഷം പോലീസ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. അക്രമികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്കില്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളും ഷെല്ലുകളും കണ്ടെടുത്തതായിട്ടാണ് പോലീസ് വെളിപ്പെടുത്തുന്നത്.
ജൂണ്‍ അഞ്ചിന് നൈജീരിയയിലെ ദൈവാലയത്തില്‍ നടന്ന ആക്രമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 80 കടന്നുവെന്ന് പറയുമ്പോഴും യഥാര്‍ത്ഥ കണക്ക് ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ ഒന്‍ഡോ സംസ്ഥാനത്തെ ഓവോയിലെ പള്ളിയില്‍ തോക്കുധാരികള്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം നടത്തിയത്.
അവര്‍ പള്ളിക്ക് പുറത്തും അകത്തും നിന്ന് ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രക്ഷപെട്ട് പുറത്തേക്ക് ഓടുന്നവരുടെ നേരെ പുറത്തു നില്ക്കുന്ന തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തിന്റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യതെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത്, ഈ ആക്രമണം ക്രൈസ്തവരെ മാത്രം ലക്ഷ്യ വച്ചുകൊണ്ടായിരുന്നു എന്നാണ്.
പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തുമെന്ന് ഒരു ഉറപ്പും പറയാന്‍ സാധിക്കുകയില്ല. എണ്‍പതോളം പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലപാതകം നടന്നിട്ടും ദൃക്സാക്ഷികള്‍ ഉണ്ടായിട്ടും പോലീസ് ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. ഈ സംഭവത്തില്‍ ശാസ്ത്രീയമായ തെളിവെടുപ്പോ, ഫോറന്‍സിക് അന്വേഷണമോ നടക്കുന്നതിന്റെ ഒരു സൂചനയുമില്ല. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. ഇവയൊക്കെ മുമ്പത്തെപ്പോലെ തന്നെ ഈ കേസും അട്ടിമറിക്കപ്പെടാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ആശുപത്രിയില്‍ നിന്നും ചില നൊമ്പരക്കാഴ്ചകള്‍
‘ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാന നടന്നുകൊണ്ടിരിക്കെ പെട്ടെന്നായിരുന്നു അക്രമികള്‍ ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്. കസേരകള്‍ക്കടിയില്‍ മക്കളെ ഒളിപ്പിച്ചാണ് ഞാന്‍ അവരെ രക്ഷപെടുത്തിയത്’ – ഈ ആക്രമണത്തില്‍ കാലില്‍ വെടിയേറ്റ അലക്സ് മൈക്കല്‍ വെളിപ്പെടുത്തി. ആശുപത്രിക്കിടക്കയില്‍ ആയിരിക്കുമ്പോള്‍ ചുറ്റും കാണുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു. കാരണം മരണത്തില്‍ നിന്നും രക്ഷപെട്ടവര്‍ ജീവച്ഛവമായി ആശുപത്രിയില്‍ തുടരുകയാണ്.
പലരുടെയും ഉറ്റവരും ഉടയവരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രക്ഷപെട്ട പലരുടെയും കൈകാലുകള്‍ ബാന്ഡേജുകള് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഒരു വശത്ത് ഒരു സ്ത്രീ തന്റെ സഹോദരനെ കെട്ടിപ്പിടിച്ചു കരയുന്നു. മറുവശത്താകട്ടെ, ഒരാള്‍ തന്റെ കട്ടിലില്‍ വേദന കൊണ്ട് പുളയുന്നു. ഈ ആക്രമണത്തിന് ഇരയായ 15 വയസുകാരന് കയ്യില്‍ ഡ്രിപ്പുമായി നിശബ്ദനായി കിടക്കുന്നു.
’27-ഓളം മുതിര്‍ന്ന ആളുകളും പതിമൂന്നോളം കുട്ടികളുമാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്. ചികിത്സയ്ക്കായി എത്തിച്ച രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. അവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഒരു സ്ത്രീക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ടു’ – ആശുപത്രിയിലെ രജിസ്ട്രാര്‍ ഡോ. സാമുവല്‍ ആലുക്കോ പറയുന്നു.