ലക്ഷ്യം നേടുന്നതുവരെ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങൾ തുടരുമെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി മീറ്റിങ്ങിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ശേഷമായിരുന്നു നെതന്യാഹു ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ചത്. വെടിനിർത്തലിനുള്ള സാധ്യതകളെല്ലാം തള്ളിക്കൊണ്ടാണ് നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം.
അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ചർച്ചകൾക്കായി 21 ദിവസത്തേക്ക് ഏറ്റുമുട്ടൽ നിർത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം നിരസിക്കുന്നു നിലപാടാണ് ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ നിലവിൽ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ.
ഇസ്രയേലിന്റെ ആക്രമണത്തിൽ ഇപ്പോൾ തന്നെ ലെബനനിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സമ്പൂർണ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ കടക്കാനുള്ള സാധ്യതകളും വർധിച്ചിരിക്കുകയാണ്. നെതന്യാഹു നിലപാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ തന്നെ ബെയ്‌റൂട്ടിൽ വ്യോമാക്രമണം നടന്നിരുന്നു. ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുള്ള മേഖലകളിലെ കെട്ടിടങ്ങൾ തകർന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുഹമ്മദ് ഹുസൈൻ സുരൂറിനെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ട് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി മാത്രമാണ് ലബനീസ് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തുന്നത്.