Monday, November 25, 2024

സാൻ ഫ്രാൻസിസ്കോയില്‍ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ആക്രമണം

സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ചൊവ്വാഴ്ച പ്രാദേശിക ചാനലായ ദിയ ടിവിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അഞ്ചു മാസത്തിനിടെ കോൺസുലേറ്റിനു നേരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഞായറാഴ്ച പുലർച്ചെ 1.30-നും 2.30-നും ഇടയ്ക്കുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖാലിസ്ഥാനി അനുകൂലികൾ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീയിടുകയായിരുന്നു. തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ ഖാലിസ്ഥാനി അനുകൂലികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ വീഡിയോ ടിവി ചാനൽ പങ്കുവയ്ക്കുകയായിരുന്നു. അതേസമയം, ആർക്കും പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സാൻ ഫ്രാൻസിസ്കോ അഗ്നിശമന സേന ഉടൻ തന്നെ അഗ്നി നിയന്ത്രണവിധേയമാക്കി. നശീകരണത്തെയും തീകൊളുത്താനുള്ള ശ്രമത്തെയും യുഎസ് ശക്തമായി അപലപിക്കുന്നുവെന്ന്, സംഭവത്തോടു പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

“യുഎസിലെ നയതന്ത്ര കേന്ദ്രങ്ങൾക്കോ, ​​വിദേശ നയതന്ത്രജ്ഞർക്കോ എതിരായ നശീകരണമോ, അക്രമമോ ക്രിമിനൽ കുറ്റമാണ്” – മാത്യു മില്ലർ കൂട്ടിച്ചേർത്തു. ഈ വർഷം മാർച്ചിലും ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖാലിസ്ഥാൻ അനുകൂലികൾ അക്രമണം നടത്തിയിരുന്നു.

Latest News