Monday, November 25, 2024

ഇസ്രായേലില്‍ ഹൂതി ഡ്രോണ്‍ ആക്രമണം

ഇസ്രായേലിന്റെ വാണിജ്യ തലസ്ഥാനമായ ടെല്‍ അവീവില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയെന്നു സംശയിക്കുന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇറേനിയന്‍ നിര്‍മിത ഡ്രോണ്‍ ആണ് ഉപയോഗിച്ചത്. യുഎസ് എംബസിയുടെ ശാഖാ കെട്ടിടത്തോടു ചേര്‍ന്ന ഫ്‌ലാറ്റുകളിലാണ് ആക്രമണം ഉണ്ടായത്.

ആക്രമണം ഇസ്രേലി പ്രതിരോധവൃത്തങ്ങളെ മുഴുവന്‍ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലില്‍നിന്ന് 1,600 കിലോമീറ്റര്‍ അകലെയാണ് യെമന്‍. മുമ്പും ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ഡ്രോണുകളും മിസൈലുകളും വെടിവച്ചിടാന്‍ ഇസ്രായേലിനു കഴിഞ്ഞിരുന്നു.

ഇന്നലെ പുലര്‍ച്ചെ 3.12നായിരുന്നു ആക്രമണം. സ്‌ഫോടനശബ്ദം കിലോമീറ്ററുകള്‍ അകലെ കേട്ടു. ഇറേനിയന്‍ നിര്‍മിത ഡ്രോണ്‍ ദീര്‍ഘദൂര ആക്രമണത്തിനായി നവീകരിച്ചതാണെന്നു സംശയിക്കുന്നു. ഡ്രോണ്‍ വരുന്നത് മുന്‍കൂട്ടി അറിഞ്ഞെങ്കിലും വെടിവച്ചിടാന്‍ കഴിയാതിരുന്നത് മനുഷ്യപിഴവു മൂലമാണെന്ന് ഇസ്രേലി സൈനികവൃത്തങ്ങള്‍ പറഞ്ഞു. വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രേലി വ്യോമസേന അറിയിച്ചു.

വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യെഹിയ സാരീ പറഞ്ഞു. ഇസ്രായേലില്‍ ഇനിയും ആക്രമണം നടത്തുമെന്നും ടെല്‍ അവീവ് ആയിരിക്കും പ്രധാന ലക്ഷ്യമെന്നും ഇയാള്‍ ഭീഷണി മുഴക്കി. ഹൂതികള്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഡിറ്ററേനിയനിലൂടെ പോകുന്ന ചരക്കുകപ്പലുകളെ പതിവായി ആക്രമിക്കുന്നുണ്ട്.

 

Latest News