നെതിവ് ഹാസാര മേഖലയിലെ കിബ്ബട്ട്‌സില്‍ ഭീകരാക്രമണം നടന്നതായി ഇസ്രായേല്‍ പ്രതിരോധ സേന. തെക്കന്‍ ഇസ്രായേലി പട്ടണത്തില്‍ നിന്ന് കത്തിയുമായി ഇസ്രായേല്‍ സുരക്ഷാ സംഘത്തെ അക്രമിക്കാനെത്തിയ ഭീകരനെയാണ് സൈനികര്‍ വെടിവച്ച് വീഴ്ത്തിയത്. ഭീകരാക്രമണമെന്നാണ് ഇസ്രായേല്‍ സൈന്യം സംഭവത്തെ വിശേഷിപ്പിച്ചത്. അക്രമി ഖവാര്‍ഷി സക്കറിയ ആദം കനേഡിയന്‍ പൗരനാണെന്നും അവര്‍ വെളിപ്പെടുത്തി.
‘പലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് യുവാവ് ആക്രമണത്തിന് മുതിര്‍ന്നത്. വിനോദസഞ്ചാരിയായാണ് ഖവാര്‍ഷി സക്കറിയ ഇസ്രായേലിലേക്ക് വന്നത്.
രണ്ടാഴ്ചത്തേക്ക് ഒരു കാര്‍ വാടകയ്ക്ക് എടുത്തിരുന്നു. തെക്കന്‍ ഇസ്രായേലിലെ അഷ്ദോദില്‍ നിന്ന് രാവിലെ പുറപ്പെട്ട ഖവാര്‍ഷി സക്കറിയ നെറ്റിവ് ഹാസരയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആക്രമണം നടത്തി.
ആദ്യം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിന്നീട് ഇസ്രായേല്‍ സുരക്ഷാ സേനാംഗങ്ങളെ കുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നെറ്റിവ് ഹാസരയുടെ പ്രവേശന കവാടത്തിലാണ് ആക്രമണം അരങ്ങേറിയത്. ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ നടത്തിയ വലിയ തോതിലുള്ള ആക്രമണങ്ങള്‍ ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ഈ ഇസ്രായേല്‍ നഗരം.