നവംബർ 23 ന്, മൗണ്ട് ലെബനനിലെ കെസർവൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഫരായ ഗ്രാമത്തിൽ അലങ്കരിച്ചുവച്ചിരുന്ന ഈശോയുടെ ജനനരംഗങ്ങൾ നശിപ്പിച്ച് അക്രമികൾ. കൂടാതെ, ഉണ്ണീശോയുടെ രൂപം നീക്കംചെയ്യുകയും ചെയ്തു. സംഘർഷം ശമിപ്പിക്കാൻ സുരക്ഷാസേന പ്രവർത്തിക്കുന്നതിനിടെ പ്രദേശവാസികൾ ടൗൺ സ്ക്വയറിൽ പള്ളിമണി മുഴക്കി പ്രതിഷേധിച്ചു.
ലെബനനിലെ മാരോനേറ്റ് കത്തോലിക്കരുടെ ശക്തികേന്ദ്രമായാണ് കെസർവാൻ ജില്ല അറിയപ്പെടുന്നത്. ഹാരിസയിലെ ഔവർ ലേഡി ഓഫ് ലെബനൻ ദൈവാലയം, ബേക്കർകെയിലെ മരോനൈറ്റ് പാത്രിയാർക്കേറ്റിന്റെ ആസ്ഥാനം തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഇവിടെയുണ്ട്. നിലവിൽ യുദ്ധബാധിത പ്രദേശങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ധാരാളം ആളുകൾക്ക് ആതിഥേയത്വം വഹിക്കുന്ന ഈ പ്രദേശത്ത് ആഗമനകാലത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമായാണ് പലരും ഈ നീക്കത്തെ കാണുന്നത്.
പ്രാദേശിക ഇടവക വികാരിയായ ഫാ. ചാർബെൽ സലാമേ, പ്രദേശവാസികളോടൊപ്പം ചേർന്ന് ഈ അക്രമസംഭവത്തെ അപലപിച്ചു; അതേസമയം സമൂഹത്തിന് സാന്ത്വനവും നൽകി. “ഞങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കാൻ ഞങ്ങൾ ജാഗ്രതയോടെ തുടരും. നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. കാരണം, കർത്താവ് നമ്മെ ഒരുമിച്ചുകൂട്ടുന്നു. ഒരുപക്ഷേ, നമുക്കെല്ലാവർക്കും ഇവിടെ ഒത്തുകൂടാനും ഭിന്നതകൾ വിതയ്ക്കാൻ ശ്രമിക്കുന്നവർക്കായി ഈ പുൽത്തൊട്ടിക്കുമുന്നിൽ പ്രാർഥിക്കാനും ഇത് ഒരു അവസരമായിരിക്കാം” – ഫാ. ചാർബെൽ പറയുന്നു.
കഴിഞ്ഞ വർഷം, ലെബനനിൽ, പ്രത്യേകിച്ച് സജീവ ക്രിസ്ത്യൻ ന്യൂനപക്ഷം താമസിക്കുന്ന ട്രിപ്പോളിയുടെ വടക്കൻ മേഖലയിൽ ക്രിസ്തുമസ് സമയത്ത് ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു ഉണ്ടായത്.