ജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടുത്തണം എന്ന ആവശ്യമുയര്‍ത്തി നൈജീരിയയില്‍ നടന്ന പ്രതിഷേധത്തിനുശേഷം ക്രൈസ്തവരെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് ഒന്നിനു നടന്ന പ്രതിഷേധപ്രകടനം അടിച്ചമര്‍ത്താനുള്ള ശ്രമത്തിനിടെ 41 പേര്‍ മരണമടഞ്ഞിരുന്നു.
സംഘര്‍ഷത്തിനുശേഷം വിവിധ ഇടങ്ങളിലായി ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. പീഠഭൂമിയിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് ഇസ്ലാമിക ഫുലാനി തീവ്രവാദികളില്‍നിന്ന് ഈ ദിനങ്ങളില്‍ കൂടുതല്‍ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നു. മാംഗു, ബസ്സ കൗണ്ടികളില്‍ അക്രമികള്‍ രണ്ട് കര്‍ഷകരെ കൊല്ലുകയും മറ്റൊരാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കൂടാതെ, ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങള്‍ തീവ്രവാദികള്‍ നശിപ്പിക്കുകയും ചെയ്തു.
‘ഫുലാനി തീവ്രവാദികള്‍ എന്നെ കൊല്ലാന്‍ ആഗ്രഹിച്ചു. പക്ഷേ, ഞാന്‍ സുരക്ഷിതനായതില്‍ ദൈവത്തിനു നന്ദിപറയുന്നു’ – ആക്രമണത്തില്‍നിന്ന് രക്ഷപെട്ട വ്യക്തി വെളിപ്പെടുത്തി. ആഗസ്റ്റ് മൂന്നാം തീയതി കടുനയിലെ കിഷിഷോയില്‍ തങ്ങളുടെ ഭൂമിയില്‍ ജോലിചെയ്യുന്നതിനിടെ രണ്ട് ക്രിസ്ത്യന്‍ കര്‍ഷകരെ ഫുലാനി തീവ്രവാദികള്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഇപ്പോള്‍ ചികിത്സയിലാണ്.