ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉത്തര്‍പ്രദേശും ചത്തീസ്ഗഢും ഉള്‍പ്പടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. യുപിക്കും ചത്തീസ്ഗഢിനും പുറമേ മധ്യപ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളും മൂന്നാഴ്ച്ചയ്ക്കുള്ളില് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണം.
ക്രൈസ്തവ പുരോഹിതര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ക്ക് എതിരായ അതിക്രമസംഭവങ്ങളില്‍ നിയമപാലകര്‍ എന്ത് നടപടികള്‍ സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ വിശദീകരിക്കണം. ബംഗളൂരു അതിരൂപത ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ, ദേശീയ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ തുടങ്ങിയ കക്ഷികള്‍ നല്കിയ ഹര്‍ജികളിലാണ് കോടതി ഇടപെടല്‍.
നേരത്തെ, ഈ വിഷയത്തില്‍ എട്ട് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഹരിയാന മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാഭാട്ടി അറിയിച്ചു. ഇതേതുടര്‍ന്നാണ്, ശേഷിച്ച സംസ്ഥാനങ്ങള്‍ മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.