Monday, November 25, 2024

കോംഗോയില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ആക്രമണം തുടരുന്നു

കോംഗോയിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുള്ള ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഇറ്റൂരി പ്രവിശ്യയില്‍ ഇന്നലെ നടന്ന ആക്രമണത്തിൽ 45-ലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ കുട്ടികളാണെന്നാണ് വിവരം.

വംശീയ സംഘര്‍ഷം തുടര്‍ക്കഥയായ കോംഗോയില്‍ വീടുപേക്ഷിച്ച് എത്തിയവരാണ് ഇറ്റൂരി പ്രവിശ്യയിലെ ലാലാ ക്യാമ്പില്‍ കഴിയുന്നത്. ഇവര്‍ക്കു നേരെയാണ് ആക്രമണം തുടരുന്നത്. ആക്രമണത്തില്‍ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവർക്കും പരിക്കേറ്റവർക്കും പുറമെ അക്രമികൾ 800-ലധികം ഷെൽട്ടറുകൾക്ക് തീയിട്ടു. കൂടാതെ, കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്.

രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ സായുധസംഘർഷങ്ങളെ തുടര്‍ന്ന് ഏപ്രിലില്‍ 70,000-ഓളം പേരാണ് ഇറ്റൂരി പ്രവിശ്യയിലെ ക്യാമ്പുകളില്‍ കഴിയുന്നത്. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ വലിയ ആശങ്കയായി മാറുകയാണ്. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തിൽ കുട്ടികൾക്കെതിരായ ഗുരുതരമായ നിയമലംഘനങ്ങളുടെ എണ്ണത്തിൽ രാജ്യത്തെ 26 പ്രവിശ്യകളിൽ ഇറ്റൂരി ഇപ്പോൾ രണ്ടാമതാണ്. ആക്രമണത്തിൽ പരിക്കേറ്റവർക്ക് യൂണിസെഫിന്റെ നേതൃത്വത്തിൽ സന്നദ്ധസംഘടനകൾ ആവശ്യമായ സഹായങ്ങൾ ചെയ്തുവരികയാണ്. ഇതു കൂടാതെ അക്രമികളെ തിരിച്ചറിയാനും കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം ശക്തമാക്കാനും സർക്കാരിനോട് യുണിസെഫ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Latest News