റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമാര്‍ പുടിനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രൈന്‍. പ്രസിഡന്റിന്റെ വസതിയില്‍ നടന്നെന്നു ആരോപിക്കപ്പെടുന്ന ആക്രമണത്തെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റിന്‍റെ വക്താവ് വ്യക്തമാക്കി.
റഷ്യ പിടിച്ചടക്കിയ എല്ലാ യുക്രൈന്‍ പ്രദേശങ്ങളും തിരിച്ചുപിടിക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുമെന്നു പ്രസ് സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ക്രെംലിനില്‍ ആക്രമണം നടന്നെന്ന റഷ്യയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും. മറ്റുള്ളവരെ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്‍റിന്‍റെ വസതിയായ ക്രെംലിന്‍ ലക്ഷ്യമാക്കി യുക്രൈന്‍, രണ്ട് ഡ്രോണുകള്‍ വിക്ഷേപിച്ചതായാണ് റഷ്യയുടെ ആരോപണം. ഡ്രോണുകള്‍ വെടിവച്ചിട്ടെങ്കിലും, ഇത് പുടിനെ വധിക്കാന്‍ നടത്തിയ യുക്രൈന്‍റെ ശ്രമമാണെന്നാണ് റഷ്യയുടെ വിമര്‍ശനം.എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തള്ളിയാണ് സെലന്‍സ്കിയുടെ പ്രസ് സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയത്.
അതേസമയം, ആക്രമണത്തില്‍ പ്രസിഡന്റിന് പരിക്കേറ്റിട്ടില്ലെന്നും കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ക്രെംലിനും വ്യക്തമാക്കി.