മ്യാന്മറില് വീട്ടുതടങ്കലില്‍ കഴിയുന്ന ഓങ് സാന്‍ സൂ ചിക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. സൂ ചി വിദഗ്ധ ചികിത്സയ്ക്ക് അഭ്യർഥിച്ചെങ്കിലും അധികൃതർ വഴങ്ങുന്നില്ലെന്നും ആരോപണമുണ്ട്. നിലവിൽ ജയിൽ ഡോക്ടറുടെ ചികിത്സ മാത്രമാണ് അവർക്ക് ലഭ്യമാക്കിയിട്ടുള്ളത്.
78 -കാരിയായ സൂ ചിയെ കടുത്ത ഛര്‍ദ്ദിയും തലക്കറക്കവും ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതായാണ് സൂചനകള്‍. അതിനാല്‍ അവര്‍ക്ക് വിദഗ്ദചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂണിറ്റി സര്‍ക്കാര്‍ വക്താവ് ക്യോ സോ രംഗത്തെത്തി. ഇതിനായി രാജ്യാന്തരസമൂഹം പട്ടാളഭരണകൂടത്തില് സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
2020 നവംബറിലെ തിരഞ്ഞെടുപ്പില്‍ ജയിച്ച, സൂ ചിയുടെ നേതൃത്വത്തിലുളള തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിച്ചാണ് 2021 -ല്‍ പട്ടാളം മ്യാന്മറിന്റെ അധികാരം പിടിച്ചെടുത്തത്. അന്നുമുതൽ സൂ ചി, നായ്പായ് താവിലെ വീട്ടുതടങ്കലിലാണ്. കോവിഡ് സുരക്ഷാലംഘനം, വാക്കിടോക്കി ഇറക്കുമതി, പൊതുസുരക്ഷാ നിയമലംഘനം, രഹസ്യ നിയമലംഘനം, തെരഞ്ഞെടുപ്പ് ക്രമക്കേട്, രാജ്യദ്രോഹം, അഴിമതി തുടങ്ങി കൈക്കൂലി അടക്കം പട്ടാളഭരണകൂടം ചുമത്തിയ കേസുകളിലാണ് സൂ ചിക്ക് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചത്.