ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഓസ്ട്രേലിയയിൽ നികുതിരഹിത വിപണി തുറന്നുകൊടുക്കുക, ഇന്ത്യൻ വിദ്യാർഥികൾക്ക് പഠന ശേഷം നാല് വർഷം വരെ തൊഴിൽ വിസ അനുവദിക്കുക തുടങ്ങിയ നേട്ടങ്ങളാണ് കരാർപ്രകാരം സാധ്യമാകുന്നത്. ഇന്ത്യയിലെ ഐടി കമ്പനികൾക്ക് വലിയ പ്രചോദനം നൽകും ഈ തീരുമാനം എന്നും വിലയിരുത്തപ്പെടുന്നു.
കരാറിന് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകിയതായി ആൽബനീസ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആൽബനീസ് ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ അഭിനന്ദിച്ചു.
കരാർ നിലവിൽ വരുന്നതോടെ ഇന്ത്യയിലെ ടെക്സ്റ്റൈൽസ്, ലെതർ, ഫർണിച്ചർ, ജ്വല്ലറി, മെഷിനറി അടക്കം ഇന്ത്യയിലെ ആറായിരത്തോളം ഉത്പന്നങ്ങൾക്കാണ് നികുതിരഹിത വിപണി തുറന്നുകിട്ടുക. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനും ഊന്നൽ നൽകുന്നതാണ് കരാർ. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും ധാരണയിലെത്തുന്ന സമയത്തിനുള്ളിലോ കരാർ നിലവിൽ വരുമെന്ന് ഓസ്‌ട്രേലിയൻ വ്യവസായ മന്ത്രി ഡോൺ ഫാരെൽ അറിയിച്ചു. ഇരു രാജ്യങ്ങളിലേയും വ്യാപാര രംഗത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്ന കരാർ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കും. 7 വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലുകളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ സർക്കാരുമായി സംയുക്തമായി പ്രവർത്തിച്ച് കരാർ എത്രയും വേഗം നടപ്പിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.