ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ഇറങ്ങുന്ന അർജൻറീന ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിൽ പരാതി ഉന്നയിച്ച് രംഗത്ത്. പ്രീക്വാട്ടർ മത്സരം പുലർച്ചെ നടക്കാനിരിക്കെയാണ് അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണി പരാതി ഉയർത്തിയിരിക്കുന്നത്.
“ഗ്രൂപ്പിലെ അവസാന മത്സരത്തിന് ശേഷം 48 മണിക്കൂറിനുള്ളിൽ പ്രീക്വാർട്ടർ കളിക്കേണ്ടി വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഉറങ്ങാൻ പോലും ആവശ്യത്തിന് സമയം ലഭിക്കാതെയാണ് പ്രീക്വാർട്ടർ കളിക്കേണ്ടി വരുന്നത്. ലോകകപ്പ് എത്ര ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം. വലിയ നാഷണൽ ടീമുകൾ അടുത്ത ഘട്ടത്തിൽ എത്തുമെന്ന് നാം പറയുമ്പോഴും എപ്പോഴും അതല്ല നടക്കുന്നത്” അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കലോണി പറഞ്ഞു.
പോളണ്ടിനെതിരായ മത്സരം അവസാനിച്ചത് രാത്രി 10 മണിക്കാണ് (ദോഹ സമയം). മത്സര ശേഷം ടീം അംഗങ്ങൾ എല്ലാം ഉറങ്ങാനായി പോയത് പുലർച്ചെ നാല് മണിക്കും. പക്ഷേ ഓസ്ട്രേലിയ അവരുടെ മത്സരം കളിച്ചത് ആറ് മണിക്കാണ്. അദ്ദേഹം കൂട്ടി ചേർത്തു.
അതേസമയം അർജൻറിനക്കെതിരെയുളള പ്രീ ക്വാർട്ടർ മത്സരത്തിനിറങ്ങുമ്പോൾ പൂർണ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. “അർജൻറീന നായകൻ ലിയോണൽ മെസി ദൈവമല്ല മറ്റെല്ലാ താരങ്ങളെയും പോലെ മനുഷ്യൻ മാത്രമാണ്, മെസിയോടുള്ള ആരാധന മറച്ചുവെയ്ക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ഭയക്കുന്നില്ല” ഓസ്ട്രേലിയൻ താരമായ മിലോസ് ഡെഗനിക് പറഞ്ഞു. പുലർച്ചെ 12.30 നാണ് അർജൻറീന ഓസ്ട്രേലിയ പ്രീ ക്വാട്ടർ മത്സരം നടക്കുന്നത്.