അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതായി ഓസ്ട്രേലിയ. സ്ത്രീ വിരുദ്ധ നടപടികളുമായി താലിബാന് മുന്നോട്ടു പോകുന്നതിനെ തുടര്‍ന്നാണ് പിന്മാറ്റം. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യപനം നടത്തിയത്.
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയ്ക്ക് ശേഷം യുഎഇയില്‍ വച്ച് അഫ്ഗാനിസ്താനുമായി മൂന്ന് ഏകദിന പരമ്പരകളാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ നിന്ന് പിന്മാറാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. അഫ്ഗാന് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നടത്തരുതെന്ന് താലിബാന് പ്രഖ്യാപിച്ചതിനെതിരെയുള്ള പ്രതിഷേധമായാണ് ഓസ്ട്രേലിയയുടെ നീക്കം. താലിബാന് ഭരണത്തിന്റെ സ്ത്രീ സ്വാതന്ത്രത്തിനുമേലുള്ള നീക്കങ്ങള്‍ക്കെതിരെ മുന്‍പും ഓസ്ട്രേലിയ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.