Tuesday, November 26, 2024

ചൈനയുടെ ഭീഷണി നേരിടാന്‍ ‘ഓക്കസ് ഉടമ്പടി’: കരാറില്‍ ഓസ്‌ട്രേലിയ -യു എസ് -ബ്രിട്ടൻ രാജ്യങ്ങൾ ഒപ്പുവച്ചു

ഇൻഡോ- പസഫിക് മേഖലയിലെ ചൈനയുടെ ഭീഷണി ചെറുക്കുന്നതിനായി ഓസ്‌ട്രേലിയ- യു എസ് -ബ്രിട്ടൻ രാജ്യങ്ങൾ ഓക്കസ് ഉടമ്പടിയിൽ ഒപ്പുവച്ചു. സാൻ ഡിയോഗോയിൽ വച്ചു നടന്ന രാഷ്ട്ര തലവന്മാരുടെ കൂടികാഴ്ച്ചയിലാണ് സഖ്യം രൂപീകരിക്കാൻ തീരുമാനമായത്. കൂടിക്കാഴ്ചക്കു ശേഷം ഇൻഡോ-പസഫിക് മേഖലയിൽ അന്തർ-വാഹിനി-കപ്പൽ പടപദ്ധതിക്കു ധാരണയായതായി സഖ്യ രാജ്യ നേതാക്കള്‍ പ്രഖ്യാപിച്ചു.

ഓക്കസ് ഉടമ്പടി പ്രകാരം ബ്രിട്ടന്‍റേയും യുഎസിന്‍റേയും അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു പുതിയ ഒരു നാവിക ശക്തി രൂപീകരിക്കാനാണ് രാജ്യങ്ങള്‍ പദ്ധതിയിടുന്നത്. ഇതില്‍ ബ്രിട്ടന്‍റെ റോള്‍സ് റോയ്സ് റിയാക്ടറുകളും ഉള്‍പ്പെടും. സഖ്യത്തിന്‍റെ പ്രയോജനത്തില്‍ അധികവും ഓസ്‌ട്രേലിയക്കു ലഭിക്കുമെന്നാണ് വിലയിരുത്തല്‍. മൂന്നു ആണവ മുങ്ങിക്കപ്പലാണ് പദ്ധതി പ്രകാരം 2030 -ഓടെ ഓസ്‌ട്രേലിയയ്ക്കു ലഭിക്കുക.

ഇതിനിടെ, പുതിയ സഖ്യത്തിനെതിരെ ചൈനയും റഷ്യയും രംഗത്തെത്തി. “മൂന്നു രാജ്യങ്ങളും തെറ്റിന്‍റേയും അപകടത്തിന്‍റേതുമായ പാതയിലൂടെയാണ് മുന്നോട്ടു പോകുന്നത്” -ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എന്നാല്‍ പുതിയ കരാര്‍ സമാധാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ മഹാസമുദ്രവും ദക്ഷിണ ചൈന കടലും ഉള്‍പ്പടെ പശ്ചിമ, മധ്യപസിഫിക് സമുദ്രവും ചേര്‍ന്നതാണ് ഇൻഡോ- പസിഫിക് മേഖല. എന്നാല്‍ ദക്ഷിണ ചൈന കടല്‍ മുഴുവന്‍ സ്വന്തമാക്കണമെന്ന് ചൈന വാദം ഉയര്‍ത്തിയിരുന്നു. ഇത് ഭാവിയില്‍ ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അന്തർ-വഹിനി-കപ്പൽ പടപദ്ധതിക്കു രൂപം നല്‍കാന്‍ സഖ്യ രാജ്യങ്ങള്‍ തീരുമാനിച്ചത്.

Latest News