വിസ നീട്ടി നല്‍കാത്തതിനെ തുടര്‍ന്ന് ഒരു വിദേശ മാധ്യമ പ്രവര്‍ത്തക കൂടി ഇന്ത്യ വിട്ടു. ഓസ്‌ട്രേലിയയിലെ എബിസി ന്യൂസിന്റെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആവണി ദിയാസിനാണ് രാജ്യം വിടേണ്ടി വന്നത്. താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടായ അഭിപ്രായ വ്യത്യാസമാണ് വിസ നീട്ടി നല്‍കാതിരിക്കാന്‍ കാരണമെന്ന് ഇവര്‍ ആരോപിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകയ്ക്കും രാജ്യം വിടേണ്ടി വന്നിരുന്നു. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം പരിമിതിവിടുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് വിദേശ മാധ്യമ പ്രവര്‍ത്തകരില്‍ പലര്‍ക്കും രാജ്യത്ത് റിപ്പോര്‍ട്ടിങ് പ്രയാസമാകുന്നത്.
‘തിരഞ്ഞെടുപ്പിന് മുന്നോടിയായി ആകസ്‌കിമായി ഇന്ത്യ വിട്ടുപോകേണ്ടി വന്നു’വെന്ന് ശ്രീലങ്കന്‍ വംശജയായ ആവണി സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെക്കുകയായിരുന്നു. ”എന്റെ റിപ്പോര്‍ട്ടിങ് അതിരു കടന്നതിനാല്‍ വിസ നീട്ടി നല്‍കില്ലെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞു. എന്റെ ഫ്ളൈറ്റിന് 24 മണിക്കൂര്‍ മുമ്പ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാരണം രണ്ട് മാസത്തെ കാലാവധി കൂടി ലഭിച്ചു. ഇന്ത്യന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം കാരണം എനിക്ക് ഇലക്ഷന്‍ അക്രഡിറ്റേഷന്‍ ലഭിക്കില്ലെന്നും പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവ് എന്ന് മോദി വിളിക്കുന്ന രാജ്യത്തിന്റെ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം തന്നെ ഞങ്ങള്‍ രാജ്യം വിട്ടു”, ആവണി എക്സില്‍ കുറിച്ചു.
ലുക്കിങ് ഫോര്‍ മോദിയെന്ന തന്റെ പോഡ്കാസ്റ്റിന്റെ ലിങ്കും ആവണി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാനഡയില്‍ വച്ച് മരിച്ച സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തന്റെ ഡോക്യുമെന്ററിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് കാരണമെന്ന് ആവണി പോഡ്കാസ്റ്റില്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ടിങ്ങിനിടെ അധികാരികളില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ നേരിട്ടുവെന്നും തുടക്കത്തില്‍ ഡോക്യുമെന്ററി സര്‍ക്കാര്‍ തടഞ്ഞുവച്ചുവെന്നും ആവണി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും രാജ്യം വിടാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള ആവണിയുടെ വാദം ശരിയല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ വിസ നിയമങ്ങള്‍ ലംഘിച്ചുവെന്നും ഏപ്രില്‍ 20ന് വിസ കാലാവധി അവസാനിച്ചുവെന്നും സര്‍ക്കാര്‍ പറയുന്നു.
ഇന്ത്യന്‍ സര്‍ക്കാര്‍, വിദ്വേഷപരമായ റിപ്പോര്‍ട്ടിങ്ങും നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതും ആരോപിച്ചതിനെ തുടര്‍ന്ന് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനെസ്സ ഡഗ്‌നാകിന് നിര്‍ബന്ധിതമായി രാജ്യം വിട്ടുപോകേണ്ടി വന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വിദേശ മാധ്യമപ്രവര്‍ത്തകയ്ക്കും സമാന അനുഭവമുണ്ടായിരിക്കുന്നത്.