യുക്രൈനിൽനിന്ന് പിടികൂടിയ ഓസ്‌ട്രേലിയൻ അധ്യാപകൻ ഓസ്‌കാർ ജെൻകിൻസ് ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി. 32 കാരനായ ജെൻകിൻസ് തൻ്റെ അധ്യാപനജോലി ഉപേക്ഷിച്ച് യുക്രൈനുവേണ്ടി പോരാടുകയും ഡിസംബറിൽ ബന്ദിയാക്കപ്പെടുകയും ചെയ്തു. നിലവിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന വീഡിയോദൃശ്യങ്ങളിൽ റഷ്യൻ സൈനികരാൽ ചോദ്യം ചെയ്യപ്പെടുന്ന അധ്യാപകനെ കാണാം.
ചോദ്യം ചെയ്യുന്നതിനിടയിൽ മർദിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കയുണ്ട്. എന്നിരുന്നാലും, ജെൻകിൻസ് ജീവിച്ചിരിപ്പുണ്ടെന്നും റഷ്യൻ കസ്റ്റഡിയിലാണെന്നും ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് ബുധനാഴ്ച പ്രഖ്യാപിച്ചു.
ജെൻകിൻസിനെ സംബന്ധിച്ച് റഷ്യയിൽനിന്ന് ഓസ്‌ട്രേലിയൻ സർക്കാരിന് സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രി വോങ് സ്ഥിരീകരിച്ചു. ഒരു യുദ്ധത്തടവുകാരൻ എന്ന നിലയിൽ ജെൻകിൻസിൻ്റെ ക്ഷേമത്തെക്കുറിച്ച് ഓസ്‌ട്രേലിയയ്ക്ക് ഇപ്പോഴും ‘ഗുരുതരമായ ആശങ്കകൾ’ ഉണ്ടെന്ന് വോംഗ് ഊന്നിപ്പറഞ്ഞു.
മാനുഷിക പരിഗണന നൽകുന്നതുൾപ്പെടെ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി റഷ്യ ജെൻകിൻസിനോട് പെരുമാറണമെന്ന് വോംഗ് ആവർത്തിച്ചു.
ജനുവരി മാസം ആദ്യം ജെൻകിൻസിനെ റഷ്യൻ സൈന്യം വധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ സംഭവവികാസമുണ്ടായിരിക്കുന്നത്.