Friday, April 4, 2025

കടലിൽ തകർന്ന ബോട്ടിൽനിന്ന് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കൊക്കെയ്ൻ ശേഖരം പിടികൂടി

ക്വീൻസ്ലാൻഡ് തീരത്തിനുസമീപം തകർന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് ഓസ്ട്രേലിയൻ പൊലീസ് രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. ഒപ്പം മയക്കുമരുന്ന് കടത്തിന്റെ കണ്ണികളെന്ന് ആരോപിക്കപ്പെടുന്ന 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ബോട്ടിനെ പിന്തുടരുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അര ബില്യൺ ഡോളർ മൂല്യമുള്ള 2.34 മെട്രിക് ടൺ കൊക്കെയ്ൻ കൊണ്ടുവരുന്നതിനായി ഒരു ബോട്ട് പുറപ്പെട്ടു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ബോട്ടിനെ പിന്തുടർന്നത്. ബോട്ടിന് മെക്കാനിക്കൽ തകരാർ സംഭവിച്ചതായി സംശയിച്ചതിനെത്തുടർന്ന് ശനിയാഴ്ച കഗാരി ദ്വീപിന്റെ വടക്കുകിഴക്കൻ അറ്റത്തുനിന്ന് 18 കിലോമീറ്റർ (11 മൈൽ) അകലെ കടത്തുകാർ കുടുങ്ങി.

ഫെഡറൽ, പ്രാദേശിക സേനകൾ തമ്മിലുള്ള സംയുക്ത അന്വേഷണത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തുകൊണ്ട് ബോട്ടിൽ കയറാനുള്ള അവസരം പൊലീസ് ഉപയോഗിച്ചു. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ 11 പേരെ തീരത്തുവച്ച് അറസ്റ്റ് ചെയ്തു. പിടിയിലായവർ അക്രമം, പിടിച്ചുപറി, കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട കൊമാഞ്ചെറോ ഔട്ട്ലോ മോട്ടോർ സൈക്കിൾ സംഘത്തിന്റെ ബ്രിസ്ബേൻ വൈസ് പ്രസിഡന്റും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

എല്ലാ പ്രതികളും ക്രിമിനൽ സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുകയും വാണിജ്യപരമായ അളവിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചനയ്ക്ക് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവാണ് പരമാവധി ശിക്ഷ.

Latest News