ഓസ്‌ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടി നേരിട്ട കനത്ത തോൽവിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രതിപക്ഷം നിരാശയിൽ. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും മോശം തോൽവിയായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി നേതാവായ പീറ്റർ ഡട്ടണിന് കഴിഞ്ഞ 24 വർഷമായി അദ്ദേഹം കൈവശം വച്ചിരുന്ന ഡിക്‌സൺ സീറ്റ് നഷ്ടപ്പെട്ടു. തോൽവി സംബന്ധിച്ച് ചില ലിബറൽ പാർട്ടി അംഗങ്ങൾ ഗൗരവമായ ഒരു അവലോകനം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു തിരഞ്ഞെടുപ്പിൽ തോറ്റ അതേസമയം തന്നെ സ്വന്തം സീറ്റ് നഷ്ടപ്പെടുന്ന ആദ്യത്തെ ഫെഡറൽ പ്രതിപക്ഷ നേതാവായി ഡട്ടൺ മാറി. ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളിലാണ് ലിബറൽ പാർട്ടിയുടെ ഏറ്റവും വലിയ തോൽവികൾ സംഭവിച്ചിട്ടുള്ളത്. സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ, അഡലെയ്ഡ് എന്നിവയുൾപ്പെടെയുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ പാർട്ടി അംഗങ്ങൾ തുടച്ചുനീക്കപ്പെട്ടു. ഇതേ തുടർന്ന്, പാർട്ടിയുടെ ഞെട്ടിക്കുന്ന പരാജയത്തിലേക്കു നയിച്ച വ്യവസ്ഥാപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായ അവലോകനം നടത്തണമെന്ന് ലിബറൽ എം പി കീത്ത് വോളഹാൻ ആവശ്യപ്പെട്ടു.
എന്നാൽ, “ഓസ്‌ട്രേലിയൻ ജനത വിഭജനത്തിനല്ല, ഐക്യത്തിനാണ് വോട്ട് ചെയ്തത്” എന്ന് ലേബർ പാർട്ടിയുടെ ഉജ്വലവിജയത്തിനു ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി ആന്റണി അൽബനീസ് പറയുകയുണ്ടായി.