സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി, നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഇറങ്ങും മുന്‍പ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും യാത്രാനിരക്ക് വര്‍ധനയില്‍ സര്‍ക്കാര്‍ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്തെ യാത്രാനിരക്ക് വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ കണ്‍സെഷന്‍ നിരക്കില്‍ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
ശുപാര്‍ശ അനുസരിച്ച് ബസിന് മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് പത്തായാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓട്ടോയുടെ മിനിമം നിരക്ക് 25 രൂപയില്‍ നിന്ന് 30 ആയി ഉയരും. ബസുകളുടെ മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ വര്‍ധിക്കും.