13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവതാർ 2 (Avatar 2) പ്രേഷക ഹൃദയം കീഴടക്കി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. മലയാളം ഉൾപ്പടെ ആറു ഭാഷകളിൽ ഇന്ത്യയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൻറെ ആദ്യ ഷോ പുലർച്ചെ 12.30 ന് ആയിരുന്നു.
ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാറിൻറെ ആദ്യ ഭാഗം ചലച്ചിത്ര പ്രേമികളെ ഏറെ വിസ്മയിപ്പിച്ചിരുന്നു. ദ് വേ ഓഫ് വാട്ടർ എന്ന അവതാറിൻറെ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം. കറ്റോര എന്ന വിദൂര ഗ്രഹത്തിലെ ജീവ വർഗത്തോട് പ്രകൃതി വിഭവങ്ങൾക്കായി മനുഷ്യൻ നടത്തുന്ന അധിനിവേശത്തിൻറെ തുടർച്ചയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. 2024 ൽ മൂന്നാം ഭാഗവും, 2026ലും, 2028 ലും നാലും അഞ്ചും ഭാഗങ്ങളും പുറത്തിറങ്ങുമെന്നാണ് വിവരം.
സാങ്കേതിക മികവിന്റെ അങ്ങേയറ്റമാണ് ജെയിംസ് കാമറൂണിന്റെ അവതാർ 2. മൂന്നു മണിക്കൂർ 12 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മറ്റൊരു ലോകത്തേയ്ക്ക് അക്ഷരാർത്ഥത്തിൽ കൊണ്ടുപോകും വിധമാണ് ചിത്രത്തിൻറെ ഛായാഗ്രഹണമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
അവതാറിൻറെ ആദ്യ ഭാഗം 2009 ലാണ് വെള്ളിത്തിരയെ കീഴടക്കിയത്. ഇതിന്റെ തുടർച്ചയെന്നോണമാണ് അവതാർ 2 എത്തുന്നത്. വർഷങ്ങളോളം എടുത്തുള്ള രണ്ടാം ഭാഗത്തിൻറെ ചിത്രീകരണം വെള്ളത്തിനടിയിലായിരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാം വർതിങ്ടൺ എന്ന ഓസ്ട്രേലിയൻ നടനാണ് കഥാനായകനായ ജെയ്ക് സള്ളിയെ അവതരിപ്പിക്കുന്നത്. നായിക നെയിത്രിയായി സൊ ഈ സൽടാനയും എത്തുന്നു.