Sunday, November 24, 2024

അയോദ്ധ്യാ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ആദ്യ ദിനം എത്തിയത് അഞ്ച് ലക്ഷം ഭക്തര്‍

അയോദ്ധ്യാ രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ആദ്യ ദിവസം തന്നെ ഭക്തരുടെ തിരക്ക്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അഞ്ച് ലക്ഷത്തോളം ഭക്തര്‍ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തിയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത് രണ്ട് നിരകളിലായാണ്. ഇന്ത്യ ടുഡേ ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടയുള്ള മാധ്യമങ്ങളാണ് കണക്ക് റിപ്പോര്‍ട്ട് ചെയ്തത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് രണ്ട് സമയങ്ങളിലായി രാം ലല്ലയെ ദര്‍ശിക്കാം. രാവിലെ 7 മുതല്‍ 11.30 വരെയും പിന്നീട് ഉച്ചയ്ക്ക് 2 മുതല്‍ 7 വരെയുമാണ് ദര്‍ശന സമയം. വന്‍ഭക്തജനത്തിരക്കുണ്ടെങ്കിലും ദര്‍ശന സമയം നീട്ടാനാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 8000-ലധികം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

ഇന്നലെ മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നത്. ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള തിരക്കാണ് ക്ഷേത്രത്തിന്റെ പ്രധാനകവാടങ്ങളിലെല്ലാം രൂപപ്പെട്ടത്.

 

Latest News