അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ ആറര മുതലാണ് ദര്‍ശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫില്‍ നിന്ന് യുപി പോലീസിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും.
പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി മാത്രമായിരുന്നു ഇന്നലെ ദര്‍ശനം. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രതിഷ്ഠാ ചടങ്ങിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.