Sunday, November 24, 2024

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ബിജെപി ഭരണത്തിലുളള സംസ്ഥാനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചത്. അതേസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിന്റെ ചിത്രങ്ങളെടുക്കുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ഇപ്പോഴും വിലക്കുണ്ട്.

അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമല്ല, ഓഹരി വിപണികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ 11 സംസ്ഥാനങ്ങളിലാണ് 22ന് അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം മദ്യശാലകളും അടച്ചിടും. കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ.

പ്രത്യേക കമാന്‍ഡോകള്‍, ദ്രുതകര്‍മ സേന, സിആര്‍പിഎഫ്, ഉത്തര്‍പ്രദേശ് പോലീസ് എന്നിങ്ങനെ അയോധ്യ ക്ഷേത്രനഗരിയിലും പരിസരത്തും ആയിരക്കണക്കിന് സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഫൈസാബാദ്- അയോധ്യ റോഡില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം നിര്‍മ്മാണം പാതിവഴിയിലായി നില്‍ക്കുന്ന അയോധ്യാ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ഇപ്പോഴും വിലക്കുണ്ട്. ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂര്‍ത്തിയായത്. മറ്റ് രണ്ട് നിലകളുടെ നിര്‍മാണം തുടങ്ങിയിട്ടേയില്ല. ഡിസംബറോടെയേ പണി പൂര്‍ത്തിയാകൂ എന്ന് നിര്‍മാണസമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ക്ഷേത്ര ഉദ്ഘാടനം സര്‍ക്കാര്‍ പരിപാടിയാക്കിയതിനു പുറമെയാണ് ആര്‍എസ്എസിനും ഔദ്യോഗിക പങ്കാളിത്തം നല്‍കുന്നത്. അതിനിടെ ദില്ലി ബംഗാളി മാര്‍ക്കറ്റിലെ ബാബര്‍ റോഡിന്റെ ബോര്‍ഡില്‍ ഹിന്ദുസേന അയോധ്യാ മാര്‍ഗ് എന്ന സ്റ്റിക്കര്‍ പതിപ്പിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദുസേന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Latest News