കസാഖിസ്ഥാനിൽ അസർബൈജാന്റെ യാത്രാവിമാനം തകർന്നുവീണ് 39 പേർ മരിച്ചു. അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കു പുറപ്പെട്ട വിമാനമാണ് തകർന്നത്. അപകടത്തിൽപെട്ട വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപെട്ടു.
വിമാനത്തിൽ പക്ഷിക്കൂട്ടം ഇടിച്ചതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷപെട്ടവരിൽ 11 ഉം 16 ഉം വയസ്സുള്ള പെൺകുട്ടികളുമുണ്ട്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്.
കനത്ത മൂടൽമഞ്ഞ് കാരണം അക്തു വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാത്തതിനെ തുടർന്ന് വിമാനം തിരിച്ചുവിട്ടിരുന്നു. കൂടാതെ, അപകടത്തിനുമുൻപ് വിമാനം പലതവണ ലാൻഡ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. വിമാനം തകർന്നതിനുപിന്നാലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും അഗ്നിശമനസേന സ്ഥലത്തെത്തി അഗ്നി നിയന്ത്രണവിധേയമാക്കുകയും ചെയ്തു.