കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കുഞ്ഞുങ്ങൾ ഭവനങ്ങളിൽത്തന്നെയായിരുന്നു കൂടുതൽ സമയവും കഴിഞ്ഞിരുന്നത്. സ്കൂളുകളിലോ, ആരാധനാലയങ്ങളിലോ, പുറത്തോ പോകാതെ വീടുകളിൽ മാത്രം ഒതുങ്ങിക്കൂടുകയായിരുന്നു അവർ ചെയ്തത്. മുതിർന്ന കുഞ്ഞുങ്ങൾക്ക് പഠനവും മറ്റ് ഉത്തരവാദിത്വങ്ങളും ഉള്ളതിനാൽ ഒരു പരിധിവരെ അവർ സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിച്ചു. ഇങ്ങനെയുള്ള അവസരങ്ങളിൽ നമ്മുടെ കുഞ്ഞുമക്കളുടെ കാര്യത്തിൽ നാം കുറച്ചുകൂടി ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു.
കുഞ്ഞുമക്കളുടെ വിശാലമായ ലോകവും കൂട്ടുകാരും പെട്ടെന്നൊരു ദിവസം വീടിനുള്ളിൽ ഒതുങ്ങിപ്പോകുമ്പോൾ അവരുടെ മാനസികാവസ്ഥയ്ക്ക് നാം പ്രത്യേകം പരിഗണന നൽകേണ്ടതുണ്ട്. എന്നാൽ, ഈ കുട്ടിക്കുറുമ്പുകളെ സംരക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ ക്ഷമയും പലപ്പോഴും നഷ്ടമാകാറുണ്ട്. അത്തരം അവസരങ്ങളിൽ നാം മനസ്സിൽ വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ഷമ. ക്ഷമിക്കാനുള്ള മനസ്സാണ് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ഏറ്റവുമധികം ആവശ്യം.
എല്ലാത്തിനോടും ക്ഷമയുള്ളവരായിരിക്കുക
ചെറിയ കാര്യങ്ങൾക്കുപോലും മറ്റുള്ളവരോട് ദേഷ്യപ്പെടുന്നവരുണ്ട്. സാഹചര്യങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. എന്നാൽ, അല്പമൊന്നു മനസ്സുവച്ചാൽ നമ്മുടെ കോപത്തെ നിയന്ത്രിക്കാം. കുഞ്ഞുങ്ങളുടെ ഗൃഹപാഠങ്ങൾ ശ്രദ്ധിക്കുന്നതിനും അവരെ കുളിപ്പിക്കുന്നതും അവർക്ക് ഭക്ഷണം നല്കുന്നതുമൊക്കെ അല്പം ക്ഷമയോടു കൂടിത്തന്നെയാകാം. സമയത്തിന്റെ വിലയെക്കുറിച്ച് ധാരണയില്ലാത്ത നമ്മുടെ കുഞ്ഞുങ്ങൾക്ക് വലിയവരുടെ തിരക്കിനെക്കുറിച്ചോ, ഉത്തരവാദിത്വങ്ങളെക്കുറിച്ചോ ധാരണയുണ്ടാകില്ല. എങ്കിലും മാതൃകാ മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്ന നമുക്ക് കുഞ്ഞുങ്ങളുടെ ഭാഗത്തുനിന്നും അല്പം ശ്രദ്ധിക്കാം.
സമയബന്ധിതമായി പ്രവർത്തിക്കുക എന്ന മാർഗമാണ് മാതാപിതാക്കൾക്ക് അനുവർത്തിക്കാവുന്നത്. എല്ലാ കാര്യങ്ങളിലും ക്ഷമയുള്ളവരായിരിക്കുക. കുഞ്ഞുങ്ങളുടെ ഭാഗത്തുനിന്നു ചിന്തിക്കുക. നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും പരിമിതികളെ അംഗീകരിച്ചുകൊണ്ട് എല്ലാ കാര്യത്തിലും ക്ഷമ പുലർത്തുക. പ്രത്യേകിച്ച് നമ്മളോടുതന്നെയും ക്ഷമിക്കാൻ പഠിക്കുക.
സിയെന്നായിലെ വി. കാതറിൻ ഓർമ്മിപ്പിക്കുന്നു: “ക്ഷമയാണ് ദാനധർമത്തിന്റെ മാതാവ്.” കുഞ്ഞുങ്ങളുടെ അറിവില്ലായ്മയും പഠനത്തോടും മറ്റുമുള്ള താൽപര്യക്കുറവുമെല്ലാം നമ്മിൽ ദേഷ്യവും വൈഷമ്യവും സൃഷ്ടിക്കാം. ചില സമയങ്ങളിൽ പരാജയബോധവും അവരെ ആക്രമിച്ചേക്കാം. ഇത്തരം അവസരങ്ങളിലൊക്കെ നമ്മുടെ ദേഷ്യവും വിഷമതകളുമൊക്കെ മാറ്റിവച്ച് യഥാർഥ സ്നേഹം കാണിക്കാൻ നാം ശ്രദ്ധിക്കണം. ഇത് നമ്മുടെ മനോഭാവത്തിന്റെ വിശുദ്ധിയെയാണ് കാണിക്കുന്നത്.
പഠനപ്രവർത്തനങ്ങൾ തനിയെ പൂർത്തീകരിക്കാനാകാത്ത കുഞ്ഞിനൊപ്പം നമുക്കും സമയം ചിലവഴിക്കാം. വളരെ അടിസ്ഥാനപരമായ ഇത്തരം ആവശ്യങ്ങളിൽ നമുക്ക് ക്ഷമയോടുകൂടി ആയിരിക്കാവാൻ ശ്രദ്ധിക്കാം. ക്ഷമയാലാണ് നമ്മുടെ ബന്ധങ്ങൾ മിനുക്കപ്പെടേണ്ടതെന്നു എപ്പോഴും ഓർമിക്കുക.