Sunday, January 26, 2025

ലോകത്തെ വിസ്മയിപ്പിച്ച് പിറന്ന കുഞ്ഞിന് പേര് നല്‍കി; ദുരിതത്തിനിടയിലെ പ്രതീക്ഷയുടെ മറുവാക്ക്

ലോകത്തെ ഞെട്ടിച്ച ഭൂകമ്പമായിരുന്നു തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുണ്ടായത്. ദുരന്തമുഖത്ത് നിന്നും നിരവധി ഹൃദയസ്പര്‍ശിയും വികാരഭരിതവുമായി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിലേറെ വേദനാജനകമായിരുന്നു, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജനിച്ച് വീണ കുഞ്ഞ്. അമ്മയും അച്ഛനും മറ്റ് ബന്ധുക്കളെല്ലാം തനിച്ചാക്കി പോയ ആ പെണ്‍കുരുന്നിന് പേര് ആയി. ദുരിതത്തിലും ബാക്കിയാകുന്ന പ്രതീക്ഷയുടെ പര്യായമായ വാക്കാണ് അവള്‍ക്ക് നല്‍കിയിരിക്കുന്നത്.

വടക്കന്‍ സിറിയയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പിറന്ന കുഞ്ഞ് ഇനി ‘ആയ’ എന്ന പേരിലാകും അറിയപ്പെടുക. ‘ദൈവത്തിന്റെ അടയാളം’ , ‘വിസ്മയം’ എന്നൊക്കെയാണ് ആയ എന്ന വാക്കിന് അര്‍ത്ഥം.

ഭൂകമ്പം ഉണ്ടായി പത്ത് മണിക്കൂറിലധികം കഴിഞ്ഞ് ജെന്‍ഡറിസിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അവളുടെ പൊക്കിള്‍ക്കൊടി അമ്മ അഫ്ര അബു ഹാദിയയുടെ ജീവനറ്റ ശരീരത്തില്‍ വേര്‍പ്പെട്ടിരുന്നില്ല. അഞ്ചുനില പാര്‍പ്പിട സമുച്ചയത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും നാല് സഹോദരങ്ങളും പിറന്നപ്പോഴെ അവള്‍ക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു.

മാതൃ സഹോദരന്‍ സലാ അല്‍-ബദ്രാന്റെ സംരക്ഷണയിലാണ് ആയ ഇപ്പോള്‍. ഇദ്ദേഹത്തിന്റെ വീടും ഭൂകമ്പത്തില്‍ തകര്‍ന്നു. 11 അംഗ കുടുംബം ഇപ്പോള്‍ താത്കാലിക കൂടാരത്തിലാണ് താമസം. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

 

 

Latest News