മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ വിവിധ വിഭാഗങ്ങളില്‍ പിന്‍വാതിൽ നിയമനം തുടരുന്നതായി ആക്ഷേപം. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ പട്ടികയും ഹൈക്കോടതി വിധിയും തള്ളിക്കൊണ്ടാണ് നിയമനങ്ങള്‍ നടത്തുന്നത്.
സര്‍വ്വകലാശാലയില്‍ മുന്‍പും പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിരുന്നു. ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടന്നത് വലിയ വാര്‍ത്തയായിരുന്നു. 2011 ല്‍ സര്‍വ്വകലാശാലകളിലെ അധ്യാപകേതര നിയമനങ്ങള്‍ പിഎസ്.സിക്കു വിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും ഇടത് രാഷ്ട്രീയ നേതാക്കളുടെയും കത്തുകളുടെ പിന്‍ബലത്തില്‍ ഇഷ്ടക്കാരെ നിയമിക്കുന്ന രീതി തുടരുകയാണ്.
പരീക്ഷാവിഭാഗത്തിലെ താത്കാലിക സഹായികള്‍, ഓഫീസ് അറ്റന്‍ഡര്‍, ലൈബ്രേറിയന്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, പൂന്തോട്ടം സൂക്ഷിപ്പുകാര്‍ തുടങ്ങിയ തസ്തികകളിലാണ് നേതാക്കളുടെ കത്തിന്‍റ ബലത്തില്‍ നിയമനങ്ങള്‍ നടത്തി വരുന്നത്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണം എന്ന ചട്ടം നിലനില്‍ക്കുമ്പോഴാണ് ഈ നിയമലംഘനം.
ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ മാത്രം 190 ഒഴിവുകളാണുള്ളത്. എന്നാല്‍ ഈ ഒഴിവുകളിലെല്ലാം ഇഷ്ടക്കാരെ നിയമിക്കുന്ന രീതിയാണ് സർവ്വകലാശാലയില്‍ തുടരുന്നത്. 10 വര്‍ഷമായി എംജിയില്‍ സ്ഥിരനിയമനങ്ങള്‍ നടത്തിയിട്ടില്ല.
ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനങ്ങള്‍ നടത്തണം എന്ന ചട്ടം ഉണ്ടെങ്കിലും പട്ടിക വാങ്ങി കാലാവധിതീരുംവരെ മെല്ലെപ്പോക്ക് നടത്തുകയാണ് പതിവ്. തുടര്‍ന്ന് താതകാലിക ജീവനക്കാരായി ഇഷ്ടക്കാരെ നിയമിക്കുകയും കാലാവധി അവസാനിക്കുമ്പോള്‍ പിരിച്ചുവിട്ട് വീണ്ടും ഇവരുടെ നിയമനം പുതുക്കുകയും ചെയ്യും. ക്രമേണ ഈ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം.