പാകിസ്താനില്‍ വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി മിഫ്താഹ് ഇസ്മായില്‍. അടുത്ത മൂന്ന് മാസം സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന് സ്റ്റോക് എക്സ്ചേഞ്ചില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ സാമ്പത്തിക നയങ്ങളുടെ പേരില്‍ പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് കഷ്ടപ്പെടുകയാണ്. നേരത്തെ ഉണ്ടായിരുന്ന പാക്സിതാന് മുസ്ലിം ലീഗ് -നവാസ് (PML-N) സര്‍ക്കാരിന്റെ കാലത്ത് 1,600 ബില്യണ്‍ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മി. കഴിഞ്ഞ നാല് വര്‍ഷം ഇമ്രാന് ഖാന്റെ പാകിസ്താന് തെഹ്രീക് – ഇ – ഇന്‍സാഫ് ഭരണകാലത്ത് ഇത് 3,500 ലേക്ക് കുതിച്ചതായി പാക് ധനമന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഈ നിലയില്‍ ഒരു രാജ്യത്തിനും വളരാനും സ്ഥിരത കൈവരിക്കാനും സാധിക്കില്ല. അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതിയില്‍ യാതൊരു വര്‍ധനവും ഞാന്‍ അനുവദിക്കുകയില്ല. വ്യക്തമായൊരു പോളിസിയുമായി ഞങ്ങള്‍ വരും. എനിക്ക് മനസ്സിലാകും, ഇത് വളര്‍ച്ചയെ ബാധിക്കുമെന്ന്. എന്നാല്‍ എനിക്ക് വേറെ വഴിയില്ല’, മന്ത്രിയെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘നിലവിലുള്ള പാക് സര്‍ക്കാര്‍ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. ഞങ്ങള്‍ ശരിയായ പാതയിലാണ്. തീര്‍ച്ചയായും നമ്മള് കടുത്ത ദിനങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിയന്ത്രിക്കാന്‍ സാധിച്ചാല്‍ വിവിധ മാര്‍ഗങ്ങളില്‍ കൂടി കയറ്റുമതി വര്‍ധിപ്പിക്കാന്‍ നമുക്ക് സാധിക്കും’. പാക് ധനമന്ത്രി മിഫ്താഹ് ഇസ്മായില്‍ പറഞ്ഞു.