ഡാനിയേല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ലിബിയയ്ക്ക് സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. അവശ്യവസ്തുക്കളുമായുളള ബഹ്റൈന്റെ ആദ്യവിമാനം ലിബിയയിലെത്തി. സൗദിയുടെ മൂന്ന് വിമാനങ്ങള്‍ ലിബിയയില്‍ നേരത്തെ സഹായങ്ങളെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സഹായഹസ്തവുമായി ബഹ്റൈന്റെ ആദ്യവിമാനം ലിബിയയിലെത്തിയത്.
ബഹ്റൈന്‍ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരമാണ്, പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ലിബിയയ്ക്ക് സഹായം കൈമാറിയത്. റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു ലിബിയയ്ക്ക് സഹായങ്ങള്‍ നല്‍കിയത്. വസ്ത്രങ്ങള്‍, ടെന്റുകള്‍, ഭക്ഷണസാധനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതിസന്ധിഘട്ടത്തില്‍ ലിബിയന്‍ജനതയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷെയ്ഖ് നാസര്‍ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി സഹായങ്ങള്‍ ലഭ്യമാക്കാന്‍ ബഹ്റൈന്‍ രാജാവ് കാണിക്കുന്ന താല്പര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി; കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിരന്തരമായ പിന്തുണയും ഈ സംരംഭത്തിനു പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരുംദിവസങ്ങളില്‍ ലിബിയയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളിലാണ് ബഹ്റൈന്‍ ഭരണകൂടം.