അന്യമതസ്ഥരെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ട വൈദികന് ഒരു മാസത്തിനു ശേഷം കോടതി ജാമ്യം അനുവദിച്ചു. ലഖ്നൗ രൂപതയിലെ ഫാദര്‍ ഡൊമിനിക് പിന്റോയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇദ്ദേഹത്തെയും മറ്റു ആറ് പേരെയും ഫെബ്രുവരി അഞ്ചാം തീയതി ആണ് വ്യാജ ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
‘അവസാനം, എനിക്ക് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത നല്‍കാന്‍ കഴിയും. ഫാദര്‍ ഡൊമിനിക്കിനും അദ്ദേഹത്തോടൊപ്പം അറസ്റ്റിലായ എല്ലാവര്‍ക്കും ജില്ലാ ജഡ്ജി ജാമ്യം അനുവദിച്ചു. കര്‍ത്താവിനെ സ്തുതിക്കുക,” ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ലഖ്നൗവിലെ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്തിയാസ് പറഞ്ഞു.
”ഈ ഉദ്ദേശ്യത്തിനുവേണ്ടിയുള്ള നിങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കും ത്യാഗങ്ങള്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ബിഷപ്പുമാര്‍, വൈദികര്‍, സഹോദരിമാര്‍, അല്‍മായ വിശ്വാസികള്‍, യുവജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പ്രാര്‍ഥിച്ചു. ദൈവം ഒടുവില്‍ ഞങ്ങളുടെ പ്രാര്‍ഥന കേട്ടു,” ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ലഖ്നൗ രൂപതയില്‍ 22 ദശലക്ഷത്തിലധികം ആളുകളുണ്ട്, എന്നാല്‍ കത്തോലിക്കരുടെ ജനസംഖ്യ ഏകദേശം 8,200 മാത്രമാണ്. നഗരവും സംസ്ഥാനവും ഭരിക്കുന്നത് ഹിന്ദു-നാഷണലിസ്റ്റ് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ആണ്. ഇവര്‍ പലപ്പോഴും ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിക്കുന്നു.
ലഖ്നൗ രൂപതയിലെ നവിന്താ പാസ്റ്ററല്‍ സെന്ററിന്റെ ഡയറക്ടറാണ് ഫാ. പിന്റോ. അദ്ദേഹത്തിന്റെ ചുമതയില്‍ ഉള്ള സെന്ററില്‍ ഒരു പ്രാര്‍ഥനാ സമ്മേളനം നടത്തുവാന്‍ അദ്ദേഹം അനുമതി നല്‍കിയിരുന്നു. ഏകദേശം 200 പേരുടെ യോഗം നടക്കുമ്പോള്‍, ഒരു കൂട്ടം ഹിന്ദു പ്രവര്‍ത്തകര്‍ സമ്മേളനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, തുടര്‍ന്ന് പ്രാദേശിക പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി, ദരിദ്രരായ ഹിന്ദുക്കളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും മതം മാറ്റുക എന്ന ലക്ഷ്യം വെച്ചാണ് യോഗം നടന്നതെന്ന് ആരോപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് തീവ്ര ഹിന്ദുത്വവാദികളുടെ വ്യാജപരാതിയിന്മേല്‍ ആണ് വൈദികനെയും മറ്റുള്ളവരെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.