മഹാരാഷ്ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ സാധാരണ ഒരു ബ്രാഹ്മണ കുടുംബത്തില്‍, 1856 ജൂലൈ 23 ന് ഗംഗാധര രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ടാണ് ജനനം. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സില്‍ ഇദ്ദേഹം വിവാഹിതനായി. സ്‌കൂള്‍ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകന്‍ പൂണെയിലെ ഡെക്കാണ്‍ കോളജില്‍ ചേര്‍ന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1877-ല്‍ ഇദ്ദേഹം ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് നിമയബിരുദവും നേടിയ അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലും ആകൃഷ്ടനായിരുന്നു.
ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങാത്ത തിലകന്‍
തിലകന്‍ സ്വന്തം ശരീരം വളരെ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഏതാണ്ടു ശരീരം നല്ല രീതിയിലാക്കാന്‍ അദ്ദേഹം ഒരു വര്‍ഷം മുഴുവന്‍ ചിലവാക്കിയത്രേ. തെറ്റും ശരിയും തമ്മില്‍ വ്യക്തമായ ബോധം ഉണ്ടായിരുന്നു തിലകന്. സ്‌കൂളില്‍ ഒരു ദിവസം കൂട്ടുകാരായ കുട്ടികള്‍ നിലക്കടല തിന്ന ശേഷം അതിന്റെ തോടു ക്ലാസ് മുറിയില്‍ ഉപേക്ഷിച്ചു . അദ്ധ്യാപകന്‍ ഇത് കണ്ടു ഇതാരാണ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ആരും സമ്മതിച്ചില്ല. അദ്ധ്യാപകന്‍ എല്ലാവരെയും വടി കൊണ്ടു അടിക്കാന്‍ തുടങ്ങി. എന്നാല്‍ തിലകന്റെ മുറ ആയപ്പോള്‍ അയാള്‍ കൈ നീട്ടാന്‍ കൂട്ടാക്കിയില്ല. ചെയ്യാത്ത തെറ്റിന് ഞാനെന്തിനു ശിക്ഷ അനുഭവിക്കണം എന്ന് പറഞ്ഞു അദ്ദേഹം കയ്യ് നീട്ടി കൊടുത്തില്ല.
ലോകമാന്യ
ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിലെ ആദ്യത്തെ ജനകീയനേതാവായിരുന്നു ബാലഗംഗാധര തിലകന്‍. ‘ലോകമാന്യ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. എന്നുവച്ചാല്‍ ജനങ്ങളാല്‍ ആദരിക്കപ്പെടുന്നവന്‍, ‘സ്വരാജ്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടിയെടുക്കുക തന്നെ ചെയ്യും’ എന്ന മാസ്മരിക മുദ്രാവാക്യവും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ഗാന്ധിജിയുമായുള്ള അടുപ്പം
1915 ലാണ് ഗാന്ധിജിയും തിലകനും ആദ്യമായി കണ്ടു മുട്ടുന്നത്. രണ്ടു പേരും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം നിലവിലിരുന്നു എന്നും അവര്‍ അത് പരസ്യമായി പറയാന്‍ മടി കാണിച്ചിട്ടില്ല എന്നതും വസ്തുതയാണ്. പക്ഷെ അവര്‍ തമ്മിലുള്ള പരസ്പര ബഹുമാനം മാതൃകാപരമായിരുന്നു.
പൊതുപ്രവര്‍ത്തനം
ജനകീയവിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുകയെന്ന ലക്ഷ്യത്തോടെ തിലകനും സഹപ്രവര്‍ത്തകരും കൂടി പൂനെയില്‍ ന്യൂ ഇംഗ്ളീഷ് സ്‌കൂള്‍ സ്ഥാപിച്ചു. ഇക്കാലത്തുതന്നെ തിലകന്‍ പത്രപ്രവര്‍ത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയില്‍ കേസരി, ഇംഗ്ലീഷില്‍ മറാത്ത എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. കോലാപ്പൂര്‍ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച് കേസരിയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. 1885 ല്‍ ഡെക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിക്കുന്നതിന് തിലകന്‍ മുന്‍കൈ എടുത്തു. പൂണെയില്‍ ഫെര്‍ഗുസണ്‍ കോളജ് സ്ഥാപിക്കുന്നതിനും നേതൃത്വം നല്കി. അവിടെ ഗണിതശാസ്ത്രാധ്യാപകനായി തിലകന്‍ സേവനമനുഷ്ഠിച്ചു. ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങള്‍ അവസാനിപ്പിക്കുന്നതിനായി തിലകന്‍ പ്രവര്‍ത്തിച്ചു.
ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്
64 വര്‍ഷത്തെ തന്റെ ജീവിതകാലത്ത് അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, ജനനേതാവ് തുടങ്ങിയനിലകളിലൊക്കെ അദ്ദേഹം സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിറഞ്ഞുനിന്നു. മിതവാദികളായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ, മുഹമ്മദലി ജിന്ന എന്നിവരില്‍നിന്നു വ്യത്യസ്തമായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ തീവ്രവാദിവിഭാഗത്തെ നയിച്ച കരുത്തുള്ള ദേശീയവാദിയായിരുന്നു തിലകന്‍. രാജ്യദ്രോഹക്കുറ്റത്തിന് ഒട്ടേറെത്തവണ അദ്ദേഹം വിചാരണചെയ്യപ്പെട്ടു. മൂന്നുതവണ ജയിലിലടയ്ക്കപ്പെട്ടു.
അക്രമത്തിന് ആഹ്വാനംചെയ്തു എന്ന കുറ്റം ചുമത്തി, ആറുവര്‍ഷത്തെ കാരാഗൃഹവാസത്തിനായി ബര്‍മയിലേക്കു നാടുകടത്തപ്പെടുകയുമുണ്ടായി. തിലകന്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് ‘ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്’ എന്നാണ്. ബ്രിട്ടീഷുകാര്‍ക്കു പക്ഷേ, സ്വാഭാവികമായും, അദ്ദേഹത്തെ അങ്ങനെ ആദരവോടെ സ്മരിക്കാനാവില്ലായിരുന്നു. ‘ഇന്ത്യന്‍ കലാപങ്ങളുടെ പിതാവ്’ എന്നാണ് അവര്‍ തിലകനെ വിശേഷിപ്പിച്ചത്.
ജയിലിലെ ‘ഗീത രഹസ്യം’
തിലക് ബര്‍മ്മയില്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ‘ഗീത രഹസ്യം’ എന്ന കൃതി മിക്കവാറും എഴുതിക്കഴിഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഈ പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി കണ്ടെത്തി നശിപ്പിച്ചു. എന്നാല്‍ അദ്ദേഹം ഓര്‍മ്മയില്‍ നിന്ന് അത് മുഴുവന്‍ വീണ്ടും എഴുതി തീര്‍ത്തു.
ലാല്‍-ബാല്‍-പാല്‍
സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റി മറിച്ച മൂന്നു നേതാക്കള്‍ ലാല്‍-ബാല്‍-പാല്‍ എന്നത് ലാലാ ലജ്പത് റായ്്, ബാലഗംഗാതര തിലകന്‍, ബിപിന്‍ ചന്ദ്ര പാല്‍ കൂട്ടുകെട്ടിന്റെ ചുരുക്കപ്പേരാണ്. വിദേശ ഉല്പന്നങ്ങളെ ബഹിഷ്‌കരിക്കാനും സ്വദേശ വസ്തുക്കള്‍ ഉപയോഗിക്കാനുമുള്ള ആഹ്വാനം ചെയ്തതും സ്വദേശി പ്രസ്ഥാനം എന്ന ആശയത്തിന് നേതൃത്വം നല്‍കിയതുകൊണ്ടും സ്വദേശി ത്രയം എന്നും അറിയപ്പെട്ടു.
മരണം
1920 ഓഗസ്റ്റ് ഒന്നിന് നിര്യാതനായി. ഈ വിവരം അറിഞ്ഞു ഗാന്ധിജി സ്വന്തം കിടക്കയില്‍ ഉണര്‍ന്നിരുന്നു. മുറിയില്‍ കത്തിക്കൊണ്ടിരുന്ന ഒരു വിളക്കില്‍, കണ്ണും നട്ട് അദ്ദേഹം ഒറ്റ ഇരിപ്പായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അദ്ദേഹം ആ ഇരിപ്പ് തുടര്‍ന്നതായി ഗാന്ധിജിയുടെ സന്തത സഹചാരിയായിരുന്ന മഹാദേവ് ദേശായി രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ ഉണര്‍ന്നിരുന്ന ഗാന്ധിജിയുടെ അടുത്തു ദേശായി ”അങ്ങ് കുറച്ചു നേരം എങ്കിലും ഉറങ്ങാന്‍ അപേക്ഷിച്ചപോള്‍ ഗാന്ധിജി വിങ്ങിപ്പൊട്ടി ”ഞാന്‍ ഇനി ആരോടാണ് വിഷമ ഘട്ടത്തില്‍ ഉപദേശം തേടുക. നമ്മുടെ ആവശ്യം സ്വയം ഭരണം എന്നതില്‍ കുറഞ്ഞതൊന്നും അല്ലെന്നു നമ്മെ പഠിപ്പിച്ച മഹാന്‍ ഇന്ന് ജീവനറ്റു കിടക്കുന്നു’.