തിരക്കഥാകൃത്തും നിര്‍മാതാവുമായിരുന്ന അന്തരിച്ച ജോണ്‍ പോളിനെ അനുസ്മരിച്ചുകൊണ്ട് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏതെങ്കിലും ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതും. ജോണ്‍ പോള്‍ എന്ന വ്യക്തിത്വത്തെ കൂടുതല്‍ വ്യക്തമായി മനസിലാക്കാനും അദ്ദേഹത്തിലെ നന്മയുള്ള മനുഷ്യനെ ആഴത്തില്‍ അറിയാനും ചുള്ളിക്കാടിന്റെ പ്രസംഗത്തിലൂടെ ആളുകള്‍ക്ക് കഴിഞ്ഞു. ചുള്ളിക്കാട് തനിക്കു പ്രിയപ്പെട്ട ജോണ്‍ പോളിനെ അനുസ്മരിച്ച് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപമിങ്ങനെ…
ഗുരുജനങ്ങളെ, പ്രിയപ്പെട്ടവരെ,
ശ്രീ ജോണ്‍ പോള്‍ തിരക്കഥ എഴുതാനായി ഒരു കടലാസ്സെടുത്ത് ആദ്യം അതിന്റെ മാര്‍ജിന്‍ മടക്കുമ്പോള്‍ പതിവായി, ഒരിക്കലും തെറ്റാതെ ഒരു കാര്യം ചെയ്യാറുണ്ടായിരുന്നു. ആ മാര്‍ജിന്റെ ഏറ്റവും മുകളില്‍ അടതുവശത്തായി ചെരിച്ച് ‘ജീസസ്’ എന്നെഴുതും. അടിയില്‍ ഒരു വര വരയ്ക്കും. അത് എന്നും അദ്ദേഹം തെറ്റാതെ, മറക്കാതെ ചെയ്തിരുന്ന ഒരു കാര്യമാണ്. എന്നും ഞാനതു കണ്ടിട്ടുമുണ്ട്.
അദ്ദേഹത്തിന്റെ മുറിയില്‍ എഴുതപ്പെട്ടതും സൂക്ഷിക്കപ്പെട്ടതുമായ കടലാസുകളില്‍ മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട കടലാസുകളിലും ഇടതുവശത്ത് ഏറ്റവും മുകളില്‍ ഇടത്തേയറ്റത്ത് ‘ജീസസ്’ എന്ന ഈ മുദ്ര ഞാന്‍ എപ്പോഴും കണ്ടിട്ടുണ്ട്. ചില ചിത്രങ്ങളില്‍ തിരക്കഥ എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ സഹായിയായി ഞാന്‍ കൂടെ താമസിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പോള്‍ പ്രത്യേകിച്ച് അതു നിരന്തരം ദിവസവും കണ്ടിട്ടുണ്ട്. ആ മുദ്ര അദ്ദേഹത്തിന്റെ അഗാധമായ വിശ്വാസത്തിന്റെ മുദ്രയാണ്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ എന്നു മാത്രമാണ് ഈ നിമിഷത്തില്‍ പ്രാര്‍ഥിക്കാനുള്ളത്.
ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവരേയും പോലെ ജോണ്‍ പോളും വിജയങ്ങളും പരാജയങ്ങളും ആവോളം കണ്ടിട്ടുള്ള ഒരു വ്യക്തിയാണ്. എണ്‍പതുകളിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഏറ്റവും സജീവമായി അദ്ദേഹം തിരക്കഥയെഴുതിയിരുന്നത്. വളരെ വ്യത്യസ്തരായ സംവിധായകരുടെ കാഴ്ചപ്പാടിനും അവരുടെ നൈപുണിക്കും അവരുടെ സാങ്കേതിക അവബോധത്തിനും അനുസൃതമായി തിരക്കഥയെഴുതുക അതു വിജയിപ്പിക്കുക എന്ന അത്ഭുതകൃത്യം ചെയ്തയാളായിരുന്നു ജോണ്‍ പോള്‍. 170 ല്‍ പരം തിരക്കഥകള്‍ എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്. അദ്ദേഹം ചെയ്ത തിരക്കഥകളുടെ പ്രമേയപരവും സാങ്കേതികവുമായ വൈവിധ്യങ്ങള്‍ ഭാവിതലമുറ പഠനവിഷയമാക്കേണ്ടതാണ്. സിനിമകളുടെ സാമ്പത്തികമായ പരാജയം പോലും ആ ചിത്രത്തിന്റെ കലാപരമായ മേന്മയെ ഒരുതരത്തിലും ബാധിക്കുന്നില്ല.
വിവിധ തരത്തിലുള്ള മനുഷ്യരുമായി ഗാഢമായ സൗഹൃദം പുലര്‍ത്താന്‍ കഴിവുള്ള ഒരാളായിരുന്നു ജോണ്‍ പോള്‍. അതെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരധ്യാപകനു വേണ്ട ഒരുപാടു ഗുണങ്ങള്‍ ഉണ്ടായിരുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംഘടനാപരമായ മികവുകളും എടുത്തു പറയേണ്ടതാണ്. വൈവിധ്യമുള്ള വര്‍ണങ്ങള്‍ നിറഞ്ഞ പ്രകാശം കൊണ്ട് എഴുതപ്പെട്ട ഒരു നാമമാണ് ജോണ്‍ പോള്‍.
വിജയപരാജയങ്ങളെയെല്ലാം അദ്ദേഹം സമീപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത രീതിയുടെയെല്ലാം അടിയില്‍ ആഴത്തിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ആ വിശ്വാസത്തില്‍ നിന്നു പ്രചോദിപ്പിക്കപ്പെട്ട് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളാണ് ഇന്ന് ഇവിടെ പ്രകീര്‍ത്തിക്കപ്പെട്ടത്.
ജോണ്‍ പോളിന്റെ തിരക്കഥയുടെ ഓരോ പേജിലും ഇടതുവശത്ത് ഏറ്റവും മുകളിലായിട്ട് കോറിയിട്ട ആ വിശ്വാസത്തിന്റെ മുദ്ര ‘ജീസസ്’ . ആ ജീസസ്, അദ്ദേഹത്തോട് പത്രോസ് ചോദിക്കുന്നുണ്ട്, വള്ളവും വലയും വിട്ടു മാതാപിതാക്കളേയും ബന്ധുക്കളേയും ഉപേക്ഷിച്ചു ഞാന്‍ നിന്നെ പിന്തുടരും, എനിക്കെന്തു കിട്ടും എന്ന്. ജീസസിന്റെ മറുപടി, ‘ഞാന്‍ നിന്നെ നിത്യജീവന് അവകാശിയാക്കും’ എന്നതാണ്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ നിത്യജീവന് അവകാശിയാക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.