ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നു പേര്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 278 ആയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതില്‍ നൂറിലധികം ആളുകളുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.
ജൂണ്‍ രണ്ടിന് വൈകുന്നേരമുണ്ടായ ട്രെയിന്‍ അപകടത്തില്‍ 1,100 ഓളം ആളുകള്‍ക്കായിരുന്നു പരിക്കേറ്റത്. ഇതില്‍ 900-ഓളം ആളുകളെ ഡിസ്ചാര്‍ജ് ചെയ്തതായി ഇസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേയുടെ ഡിആര്‍എം റിങ്കേഷ് റോയ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 200-ഓളം പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ മരിച്ച 278 പേരില്‍ 101 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ആണെന്ന് പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപണം ഉന്നയിച്ചു. ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം ഫലമുണ്ടാക്കില്ലെന്ന ബംഗാൾ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കു പിന്നാലെയാണ് സുവേന്ദുവിന്റെ ആരോപണം. അതിനിടെ, ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ മമത ബാനര്‍ജി സന്ദര്‍ശിച്ചു.