പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിരവധി പേരെ കൊന്നൊടുക്കിയതിന് പിന്നാലെ ആഘോഷം നടത്തുന്ന ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വീഡിയോ പുറത്ത്. ബലൂചിസ്ഥാനില്‍ വിഘടനവാദികള്‍ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണ പരമ്പരയില്‍ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. 21 ഭീകരരും 14 സൈനികരും 23 വാഹനയാത്രക്കാരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഇതുവരെ 130 ലേറെ പേര്‍ ‘ഓപ്പറേഷന്‍ ഹീറോഫ്’ എന്ന് പേരിട്ട സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
20 മണിക്കൂറോളം നീണ്ട പോരാട്ടം വന്‍ വിജയമാക്കിയെന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മി പുറത്ത് വിട്ട ആഘോഷ വീഡിയോയില്‍ അവകാശപ്പെടുന്നത്. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ഓപ്പറേഷന്‍ ‘ഹീറോഫ്’ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിക്കുന്നുവെന്നാണ് വക്താവ് ജീയന്ദ് ബലോച്ച് പ്രസ്താവനയില്‍ പറഞ്ഞത്. ബിഎല്‍എയുടെ ചാവേര്‍ ആക്രമണ വിഭാഗമായ മജീദ് ബ്രിഗേഡ് ബേല മേഖലയിലെ സൈനിക ക്യാമ്പ് ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. 20 മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ 68 പാകിസ്ഥാന്‍ ബിഎല്‍എ ആര്‍മി പാക്ക് സൈനികരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രിയിലും ഇന്നലെ രാവിലെയുമായിരുന്നു ആക്രമണങ്ങള്‍. പഞ്ചാബ് പ്രവിശ്യയില്‍ നിന്നു വന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ തടഞ്ഞ് ബിഎല്‍എ ആര്‍മി യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ച ശേഷം പഞ്ചാബികളെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളും ആക്രമണം നടന്നു. അതേസമയം തിരിച്ചടിയെന്നോണം നടത്തിയ നീക്കത്തില്‍ പാകിസ്താന്‍ സേന, 21 തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്. 14 സുരക്ഷാ ഉദ്യോഗസ്ഥരും ക്ലിയറന്‍സ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വിഘടനവാദം ശക്തമായ ബലൂചിസ്ഥാനില്‍, പൊലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്.