കുക്കി തീവ്രവാദ സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ നിരോധിച്ച് മണിപ്പൂർ സർക്കാർ. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. മോറെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) ആനന്ദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിരോധനം.
വേൾഡ് കുക്കി-സോ ഇന്റലക്ച്വൽ കൗൺസിലിനെ (WKZIC) 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സെക്ഷൻ 3 പ്രകാരമാണ് നിയമവിരുദ്ധമായ സംഘടനയായി മണിപ്പൂർ കാബിനറ്റ് പ്രഖ്യാപിക്കുകയായിരുന്നു. ആനന്ദ് കുമാറിന്റെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് ഉടലെടുത്ത ക്രമസമാധാന തകർച്ചയെക്കുറിച്ച് ചർച്ച ചെയ്യാനായി ചേർന്ന മന്ത്രിസഭയുടെ അടിയന്തര യോഗത്തിനു പിന്നാലെയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റകൃത്യത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാൻ മോറെയിലും സമീപ പ്രദേശങ്ങളിലും സംയുക്ത ഓപ്പറേഷൻ ആരംഭിക്കാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ ഇത് തുടരാനും മന്ത്രിസഭ നിർദ്ദേശിച്ചു. ഇതിനായി ഇംഫാലിൽ നിന്ന് കൂടുതൽ സംസ്ഥാന സേനയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.
അതേസമയം, മോറേയിലെ അതിർത്തി പട്ടണത്തിലെ ഈസ്റ്റേൺ ഗ്രൗണ്ടിൽ പുതുതായി നിർമ്മിച്ച ഹെലിപാഡ് ഗ്രൗണ്ടിലാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ എസ്ഡിപിഒയെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.