Monday, November 25, 2024

മണിപ്പൂരില്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ജൂണ്‍ 20 വരെ നീട്ടി

കുക്കി, മെയ്തേയ് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന മണിപ്പൂരില്‍ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ജൂൺ 20 വരെയാണ് സംസ്ഥാനത്തെ ബ്രോഡ്‌ബാൻഡ് ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിരോധനം നീട്ടിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

വംശീയ കലാപത്തെ തുടര്‍ന്ന് മണിപ്പൂരില്‍ ഒരു മാസത്തിലേറെയായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുണ്ട്. നേരത്തെ മെയ് 30 വരെ വിലക്കെന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടുകയായിരുന്നു. ജൂണ്‍ 20 വരെ നിരോധനം നീട്ടിക്കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി.

“ദേശവിരുദ്ധരുടെയും സാമൂഹിക വിരുദ്ധരുടെയും രൂപകൽപ്പനയും പ്രവർത്തനങ്ങളും തടയുന്നതിനും സംസ്ഥാനത്ത് സമാധാനവും സാമുദായിക സൗഹാർദ്ദവും നിലനിർത്തുന്നതിനും, സംഘർഷ വ്യാപനം തടഞ്ഞ് പൊതുതാൽപ്പര്യത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമാണ്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങൾ നൽകുന്നുണ്ട്, ഇതിനെ തുടർന്നാണ് ”ഇന്റർനെറ്റ് നിരോധനം ജൂൺ 20 വരെ നീട്ടുന്നത്.” ഉത്തരവില്‍ പറയുന്നു. അതേസമയം, വംശീയ കലാപത്തില്‍ ഇതുവരെ 100 പേർ കൊല്ലപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ അക്രമസംഭവങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ 10 അംഗ പ്രത്യേക അന്വേഷണ സംഘത്തിനും (എസ്.ഐ.ടി) രൂപം നൽകിയിട്ടുണ്ട്.

Latest News