Friday, April 4, 2025

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ

രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഉത്തരവ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ചൈനയിലെ വമ്പന്‍ ടെക്ക് കമ്പനികളായ ടെന്‍സെന്റ്, ആലിബാബ ഉള്‍പ്പെടെയുള്ളവരുടെ ആപ്പുകള്‍ക്കാണ് നിരോധനം. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.

ഈ ആപ്ലിക്കേഷനുകള്‍ തടയാന്‍ ഗൂഗിളിന്റെ പ്ലേസ്റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്റ്റോറുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോര്‍ വഴി ഇന്ത്യയില്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് 54 ആപ്ലിക്കേഷനുകള്‍ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍ഫര്‍മഷന്‍ ടെക്നോളജി ആക്ടിലെ 69 എ വകുപ്പ് അനുസരിച്ചാണ് നടപടി.

ബ്യൂട്ടി ക്യാമറ സ്വീറ്റ് സെല്‍ഫി, ബ്യൂട്ടി ക്യാമറ സെല്‍ഫി, ഇക്കുലൈസര്‍ & ബാസ് ബൂസ്റ്റര്‍, ക്യാംകാര്‍ഡ് ഫോര്‍ സെയില്‍സ് ഇഎന്‍ടി, ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സന്റ് സ്‌ക്രയവര്‍, ഓന്‍ മോജി ചെസ്, ഓന്‍മോജി അരീന, ആപ്പ് ലോക്ക്, ഡുവല്‍ സ്പേയ്സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. 2020 മുതല്‍ ഇന്ത്യയില്‍ നിരോധനമുള്ള ആപ്പുകളുടെ പുതിയ വേര്‍ഷനുകളാണ് ഇപ്പോള്‍ നിരോധിച്ചവയില്‍ ഏറെയും.

2020 മേയ് മുതല്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിനു പിന്നാലെയാണ് ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. 2020 ജൂണില്‍ ടിക്ക്ടോക്ക്, ഷെയറിറ്റ്, വീചാറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ് യുസി ബ്രൗസര്‍, ഇ എസ് ഫൈല്‍ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ ഏകദേശം 224 ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ ആദ്യ റൗണ്ടില്‍ നിരോധിച്ചിരുന്നു.

 

 

 

Latest News