Sunday, November 24, 2024

മൂവാറ്റുപുഴയില്‍ വാഴ വെട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മൂവാറ്റുപുഴയില്‍ വാഴ വെട്ടിയ കെ.എസ്.ഇ.ബി നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം കെ.എസ്.ഇ.ബി ചെയർമാൻ വിശദീകരണം നൽകണമെന്ന് കമ്മീഷൻ അറിയിച്ചു. വാഴയില, ലൈനിൽ മുട്ടിയെന്നാരോപിച്ചാണ് കുലയ്ക്കാറായ നൂറുകണക്കിന് വാഴകൾ കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനിരത്തിയത്.

ഓണത്തോടനുബന്ധിച്ച് വിളവെടുക്കാന്‍ പാകമായ 406 ഏത്തവാഴകളാണ് ടച്ചിംഗ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി വെട്ടിയത്. ഇതില്‍ കർഷകന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തത്.

അതേസമയം, കെ.എസ്.ഇ.ബി നടപടിയിൽ ന്യായീകരണവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തിയിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ വാഴയിലകൾ വെട്ടിമാറ്റേണ്ടതിനുപകരം വാഴത്തോട്ടം തന്നെ വെട്ടിനശിപ്പിച്ചത് ന്യായികരിച്ച മന്ത്രിക്ക് വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

Latest News