Tuesday, November 26, 2024

അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിട്ട് ബംഗ്ലാദേശ്

“മൃഗശാലയിലെ ഒരു മൃഗത്തോടെന്ന പോലെയാണ് അവർ എന്നോട് പെരുമാറിയിരുന്നത്. എന്റെ കണ്ണുകൾ സ്ഥിരമായി മൂടിക്കെട്ടിയിരുന്നു. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരുന്നു പിറകോട്ട് ബന്ധിച്ചിരുന്ന എന്റെ കൈവിലങ്ങുകൾ അവർ നീക്കം ചെയ്തിരുന്നത്. ചിലപ്പോഴൊക്കെ എന്നെ ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനു മുമ്പ് അവർ എന്നെ മർദിച്ചിരുന്നു. അത് എത്രമാത്രം വേദനാജനകമായിരുന്നുവെന്ന് എനിക്ക് വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല” – 53 ദിവസത്തോളം ഭൂഗർഭ സെല്ലിൽ തടവിലായിരുന്ന ബംഗ്ലാദേശി പത്രപ്രവർത്തകൻ ഷഫീഖുൽ ഇസ്ലാം കജോളിന്റെ വാക്കുകളാണ് ഇത്. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ബംഗ്ലാദേശ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഇരകളിൽ ഒരാളായിരുന്നു കജോൾ.

കജോൾ എഴുതിയ കഥകളെക്കുറിച്ച് അവർ ചോദിച്ചു. അതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ നേരിടേണ്ടിവന്നു. അതിനെക്കുറിച്ച് സംസാരിക്കാൻ താൻ ഇപ്പോഴും പാടുപെടുകയാണെന്ന് കജോൾ പറയുമ്പോൾ, അയാളുടെ വാക്കുകളിൽ താൻ നേരിട്ട പീഡനങ്ങളുടെ തീവ്രത നിറയുന്നു. അഭിപ്രായസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും കാറ്റിൽപറത്തിയുള്ള ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്താണ് ജനങ്ങൾ പ്രതിഷേധങ്ങൾ നടത്താൻ ആരംഭിച്ചത്. ഈ പ്രതിഷേധങ്ങളെ അടിച്ചമർത്താനെന്നോണമാണ് ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് പോലീസ് കസ്റ്റഡിയിൽ നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു.

ഒരു ഇൻവെസ്റ്റിഗേറ്റീവ് പത്രപ്രവർത്തകനായിരുന്നു കജോൾ. അധികാരികളുടെ നിരവധി കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവന്ന കജോൾ നേരെത്തെ തന്നെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു തലേദിവസം രാഷ്ട്രീയക്കാർ ഉൾപ്പെട്ട ലൈംഗികക്കടത്ത് സംഘത്തെക്കുറിച്ച് കജോൾ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതേ തുടർന്നാണ് ഈ മാധ്യമപ്രവർത്തകന് ക്രൂരമായ മർദ്ദനം നേരിടേണ്ടിവന്നത്. അദ്ദേഹത്തിന്റെ പേരിൽ വ്യാജ ആരോപണങ്ങളും കൂട്ടിച്ചേർത്ത് അമ്പതു ദിവസത്തോളമാണ് പോലീസ് കസ്റ്റഡിയിൽ അദ്ദേഹം തുടർച്ചയായി പീഡനങ്ങൾക്ക് വിധേയനായത്.

ഭരണകൂടത്തിനെതിരെ സ്വരമുയർത്തുന്നവരെ അടിച്ചമർത്താൻ ബംഗ്ലാദേശിൽ പ്രത്യേക സെല്ലുകൾ നിലവിലുണ്ട്. ആദ്യം ഇതൊരു കേട്ടുകേൾവി മാത്രമായിരുന്നു എങ്കിലും കാജോളിന്റെ അറസ്റ്റോടെ ഇത്തരം സെല്ലുകളുടെ കാര്യത്തിൽ വ്യക്തത വന്നു. ഈ സെല്ലുകളിൽ ഇനിയും അനേകം മനുഷ്യാവകാശപ്രവർത്തകർ ഉണ്ടെന്നാണ് വിവരം. എന്നാൽ ആരൊക്കെയാണ് എന്ന് കൃത്യമായി പുറത്തുള്ളവർക്ക് അറിയില്ല. അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബംഗ്ലാദേശിലെ മനുഷ്യാവകാശ പ്രവർത്തകർ.

“ഇത്തരം അറകൾ പലപ്പോഴും ഭൂമിക്കടിയിലാണെന്നും പ്രകൃതിദത്തമായ വെളിച്ചം കുറവാണെന്നും ഞങ്ങൾ കേട്ടിട്ടുണ്ട്. ചില സമയങ്ങളിൽ ആളുകളെ പീഡിപ്പിക്കുമ്പോൾ അവർ അലറുന്ന ശബ്ദം അവിടെ നിന്നും ഉയരാറുണ്ട്. ഇത് വളരെ അസ്വസ്ഥമായ ഒന്നാണ്” – മനുഷ്യാവകാശ പ്രവർത്തകയായ മീനാക്ഷി ഗാംഗുലി പറയുന്നു. ഇത്തരത്തിലുള്ള രഹസ്യ ഭൂഗർഭ അറകളിൽ അനേകം ആളുകളുണ്ട് – അഴിമതിക്കെതിരെ പോരാടിയവർ, സാധാരണക്കാരുടെ ശബ്ദമായവർ. ചിലർ ആ നരകത്തിൽ നിന്നും രക്ഷപെട്ടു. എന്നാൽ മറ്റു ചിലർ ഇന്നും പീഡനങ്ങൾ നേരിടുകയാണ്.

Latest News