15 വർഷത്തിനുശേഷം ഇരുരാജ്യങ്ങളും ചർച്ചകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ, ബംഗ്ലാദേശികൾക്കെതിരെ 1971 ൽ നടത്തിയ വംശഹത്യയ്ക്ക് പാക്കിസ്ഥാൻ ഔദ്യോഗികമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. മുഹമ്മദ് യൂനുസ് ഭരണകൂടം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത് ലഘൂകരിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ തമ്മിൽ ധാക്കയിൽ കൂടിക്കാഴ്ച നടത്തി.
ഒരുകാലത്ത് ബംഗ്ലാദേശ് പാക്കിസ്ഥാന്റെ ഭാഗമായിരുന്നു. എന്നാൽ 1971 ൽ ഇസ്ലാമാബാദുമായുള്ള ഒൻപതു മാസത്തെ യുദ്ധത്തിനുശേഷം അത് സ്വതന്ത്രമാവുകയായിരുന്നു. ഏകദേശം മൂന്നു ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം രണ്ടുലക്ഷം സ്ത്രീകളെ പാക്കിസ്ഥാൻ സൈനികർ ബലാത്സംഗം ചെയ്തുവെന്നും ബംഗ്ലാദേശ് അവകാശപ്പെടുന്നു. എന്നാൽ, പാക്കിസ്ഥാൻ ഈ അവകാശവാദങ്ങൾ നിരസിക്കുകയും ഒരിക്കലും ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും ചെയ്തിട്ടില്ല. 1971 ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരകാലത്ത് പാക്കിസ്ഥാൻ സൈന്യം നടത്തിയ അതിക്രമങ്ങൾക്ക് പരസ്യമായി ക്ഷമാപണം നടത്തണമെന്ന ആവശ്യം താൻ ഉന്നയിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശിൽ നോബൽ സമ്മാന ജേതാവ് മിസ്റ്റർ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേൽക്കുകയായിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്.